Rijisha M.|
Last Modified ഞായര്‍, 16 സെപ്റ്റംബര്‍ 2018 (14:02 IST)
റയൽ സോസിഡാഡിന്റെ മൈതാനമായ അനയോട്ടയിൽ ബാഴ്സലോണക്ക് വീണ്ടും വിജയം. പത്തു വർഷത്തിനിടെ രണ്ടു തവണ മാത്രമാണ് ബാഴ്സ അനയോട്ടയിൽ ലാലിഗ മത്സരം ജയിച്ചിട്ടുള്ളു. കഴിഞ്ഞ സീസണിലാണ് ബാഴ്സ ആദ്യമായി വിജയിക്കുന്നത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് രണ്ടു ഗോൾ തിരിച്ചടിച്ചാണ് ബാഴ്സ മത്സരത്തിൽ വിജയം നേടിയത്.
ബാഴ്സ ഗോളിയുടെ തകർപ്പൻ പ്രകടനമാണ് സോസിഡാസിന് വിനയായത്. ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ അഞ്ചു ഗോളിനെങ്കിലും സോസിഡാഡ് വിജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നെങ്കിലും ബാഴ്‌സ ഗോളി സമ്മതിച്ചില്ല.
ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിക്കാനായില്ലെങ്കിലും ബാഴ്സക്കെതിരെ പതിനൊന്നാം മിനുട്ടിൽ തന്നെ അരിട്സിന്റെ ഗോളിൽ സോസിഡാഡ് മുന്നിലെത്തി. രണ്ടാം പകുതിയിൽ ബുസ്‌ക്വസ്റ്റ്സ്, കുട്ടീന്യോ എന്നിവരെ ഇറക്കിയതിനു ശേഷമാണ് ബാഴ്സ കളിയിലേക്കു തിരിച്ചു വന്നത്. നാലു മിനുട്ടിനിടെ രണ്ടു ഗോളുകൾ നേടിയാണ് ബാഴ്സ മത്സരം തിരിച്ചു പിടിച്ചത്.
അതേസമയം, സോസിഡാഡ് പല തവണ ഗോളിനടുത്തെത്തിയെങ്കിലും ടെർ സ്റ്റെഗൻ അവരെ തടയുകയായിരുന്നു. രണ്ടാം പകുതിയിൽ മാത്രം അഞ്ചോളം സുവർണാവസരങ്ങളാണ് സോസിഡാഡ് തുലച്ചത്.