മെൽബൺ|
jibin|
Last Updated:
ശനി, 30 ജനുവരി 2016 (18:37 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അട്ടിമറി, ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആംഗലിക് കെര്‍ബര്‍ കന്നി കിരീടം ചൂടി. കെർബറിന്റെ ആദ്യത്തെ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. സ്കോർ: 6-4, 3-6,
6-4. ജർമനിയുടെ ഇതിഹാസ താരം സ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍ഡ് സ്ളാം കിരീടങ്ങളെന്ന റിക്കാര്‍ഡിന് ഒപ്പമെത്താനുള്ള സെറീനയുടെ മോഹങ്ങളാണ് കെര്‍ബര്‍ അരിഞ്ഞുവീഴ്ത്തിയത്.
മെല്‍ബണില്‍ നടന്ന തീ പാറുന്ന പോരാട്ടത്തില്‍ ആദ്യം പതറിയെങ്കിലും ലോക ഒന്നാം നമ്പർ താരത്തിനെതിരെ കെർബർ മികച്ച തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ കന്നി കിരീടം ലക്ഷ്യമാക്കിയുള്ള ജര്‍മന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍
സെറീനയ്‌ക്ക് എല്ലാം പിഴയ്‌ക്കുകയായിരുന്നു. സെറീനയുടെ പവർ ടെന്നീസിന് നേരെ പ്രതിരോധം കൂട്ടിയും കുറച്ചുമുള്ള ശൈലിയാണ് കെർബർ പിന്തുടർന്നത്. സെറീനയുടെ പിഴവുകൾ നന്നായി മുതലെടുക്കാൻ കെർബർക്ക് കഴിയുകയും ചെയ്‌തതോടെ മെല്‍ബണില്‍ പുതുവസന്തം പിറക്കുകയായിരുന്നു.
ആവേശപ്പോരില്‍ പതിവില്ലാത്ത രീതിയില്‍ 46 പിഴവുകളാണ് സെറീന വരുത്തിയത്. എന്നാല്‍ കെര്‍ബറില്‍ നിന്നും 13 പിഴവുകള്‍ മാത്രമാണ് ഉണ്ടായത്. ആദ്യ സെറ്റില്‍ത്തന്നെ 23 പിഴവുകള്‍ വരുത്തിയ സെറീന 6-4 നു സെറ്റ് എതിരാളിക്കു വിട്ടുനല്‍കി. രണ്ടാം സെറ്റില്‍ തിരിച്ചുവന്ന സെറീന മൂന്നാം സെറ്റിലും പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ കളി എതിരാളി സ്വന്തമാക്കിയിരുന്നു. 1994ൽ സ്റ്റെഫി ഗ്രാഫാണ് കെർബറിന് മുമ്പ് ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയ ജർമൻ വനിതാ താരം.