200 മീറ്ററിലും അജയ്യനായി ബോള്‍ട്ട്

ബെര്‍ലിന്‍| WEBDUNIA| Last Modified വെള്ളി, 21 ഓഗസ്റ്റ് 2009 (09:03 IST)
PRO
ജമൈക്കയുടെ മിന്നും താരം ഉസൈന്‍ ബോള്‍ട്ടിന് വീണ്ടും റെക്കോഡ്. 200 മീറ്ററിലാണ് ബീജിംഗ് ഒളിമ്പിക്സില്‍ കുറിച്ച സ്വന്തം റെക്കോഡ് പൊളിച്ചെഴുതി ബോള്‍ട്ട് സ്വര്‍ണ്ണം നേടിയത്. ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ബോള്‍ട്ടിന് ഈ നേട്ടം ഇരട്ടിമധുരമായി.

19.19 സെക്കന്‍ഡിലാണ് ബോള്‍ട്ട് 200 മീറ്റര്‍ ഓടിയെത്തിയത്. ബീജിംഗില്‍ ബോള്‍ട്ട് കുറിച്ച സമയം 19.30 സെക്കന്‍ഡുകളായിരുന്നു. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ 9.58 സെക്കന്‍ഡിന് ഫിനീഷ് ചെയ്ത് ബോള്‍ട്ട് പുതിയ റെക്കോഡ് കുറിച്ചിരുന്നു.

പനാമയുടെ അലോണ്‍സോ എഡ്വേര്‍ഡ് ആണ് വെള്ളി നേടിയത്. ബോള്‍ട്ടിനെക്കാള്‍ .62 പിന്നിലാണ് അലോണ്‍സോ ഫിനീഷ് ചെയ്തത്. അമേരിക്കയുടേ സ്പിയര്‍മോന്‍ ആണ് മൂന്നാം സ്ഥാനത്തെത്തിയത്.

ചടുലമാര്‍ന്ന തുടക്കം തന്നെയാണ് ഇക്കുറിയും ബോള്‍ട്ടിനെ തുണച്ചത്. വെടിയൊച്ച മുഴങ്ങി .13 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബോള്‍ട്ട് എതിരാളികളെ പിന്നിലാക്കി ലീഡ് നേടി. നല്ല ക്ഷീണമുണ്ടെന്നും ഒന്ന് ഉറങ്ങണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോഴുള്ള ബോള്‍ട്ടിന്‍റെ പ്രതികരണം. ഇനി 400 മീറ്റര്‍ റിലേയിലും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :