അര്‍ജന്റീനയ്ക്കെതിരായ ഹോക്കി പരമ്പരയിലെ നാലാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യ രണ്ട് മല്‍സരങ്ങളില്‍ പ്രദര്‍ശിപ്പിച്ച പോരാട്ടവീര്യം ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക് ഇന്നലെയും ആവര്‍ത്തിക്കാനായില്ല. നാലാം മല്‍സരത്തില്‍ 4-2 നാണ് ആതിഥേയ ടീം ഇന്ത്യയെ തകര്‍ത്തത്.
പകുതിസമയത്തു 2-1ന് ഇന്ത്യയായിരുന്നു മുന്നില്‍. ഭരത് ചികാര (ഏഴാം മിനിറ്റ്), സന്ദീപ് സിങ് (35) എന്നിവര്‍ ഇന്ത്യയ്ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി വില (31), ഗിലാര്‍ഡി (37), കലിയോണി (39), പരേദേശ് (58) എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി. തുടക്കത്തിലെ മേധാവിത്തത്തിനു ശേഷം പ്രതിരോധനിര വരുത്തിയ പിഴവുകളാണ് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത്.
ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളില്‍ ജയം കൈവിട്ടതോടെ പരമ്പര സമനിലയില്‍ അവസാനിച്ചു.