വിവാദങ്ങളുടെ അപവാദങ്ങളുടെയും നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയായി. ഇന്ന് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണ് ഷൊയൈബ്-സാനിയ വിവാച്ചടങ്ങുകള്‍ നടന്നത്. വിവാഹത്തിനുശേഷമുള്ള മൈലാഞ്ചി കല്യാണം നാളെ നടക്കും.
15ന് ഇതേ ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വിവാഹ സല്‍ക്കാരം നടക്കും. സാനിയുടെയും ഷൊയൈബിന്റെയും അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ഇന്നത്തെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്. 25 വര്‍ഷം മുന്‍പ് മാതാവ് വിവാഹത്തിന് അണിഞ്ഞ അതേ ചുവപ്പ് സാരി അണിഞ്ഞാണ് സാനിയയും നിക്കാഹിനെത്തിയത്. അതേസമയം പ്രമുഖ ഡിസൈനര്‍മാരായ ഷന്തനു-നിഖില്‍ എന്നിവര്‍ ഡിസൈന്‍ ചെയ്ത കറുത്ത ഷേര്‍വാണിയായിരുന്നു ഷൊയൈബിന്റെ വേഷം.
ഷൊയൈബുമായി സാനിയയുടെ വിവാഹം നിശ്ചയിച്ച വാര്‍ത്ത പുറത്തു വന്നതോടെ ഷൊയൈബിന്റെ ആദ്യഭാര്യയെന്ന് അവകാശപ്പെട്ട് ഹൈദരാബാദ് സ്വദേശി ആയേഷ സിദ്ദീഖി രംഗത്തു വന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഷൊയൈബ് ടെലഫോണിലൂടെ തന്നെ വിവാഹം ചെയ്തിരുന്നുവെന്നും പീന്നീട് തടി കൂടിയെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.
ഷൊയൈബിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നുവെന്നും ആയേഷ ആരോപിച്ചിരുന്നു. എന്നാല്‍ മറ്റൊരാളുടെ ഫോട്ടോ കാണിച്ച് ആയേഷ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും ആയേഷയെ താന്‍ വിവാഹം ചെയ്തിട്ടില്ലെന്നുമായിരുന്നു ഷൊയൈബിന്റെ നിലപാട്. ആയേഷ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഷൊയൈബിനെതിരെ കേസെടുക്കയും അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മധ്യസ്ഥരുടെ ശ്രമഫലമയി ആയേഷയെ മൊഴിച്ചൊല്ലാന്‍ ഷൊയൈബ് സമ്മതിക്കുകയായിരുന്നു.