സ്റ്റാന്‍സ്ഫോര്‍ഡ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ വീനസ് വില്യംസും മരിയ ഷരപ്പോവയും ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ രണ്ടാം സീഡ് താരമായ വീനസ് റഷ്യയുടെ അല്ല കുദ്രിയാവ്റ്റ്സേവയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: 6-1, 7-5.
ഇതിന് മുമ്പ് അഞ്ച് തവണ ഷറപ്പോവ വീനസുമായി ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണയും ജയം ഷറപ്പോവയ്ക്കായിരുന്നു. 2007 ല്‍ നടന്ന മിയാമി ടൂര്‍ണമെന്റിലാണ് അവസാനമായി ജയിച്ചത്. അതേസമയം, 2005, 2007 വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിലാണ് വീനസ് വിജയം നേടിയത്.
ഷറപ്പോവയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വീനസ് പറഞ്ഞു. ഷറപ്പോവയുമായുള്ള എല്ലാ മത്സരങ്ങള്‍ താന്‍ ആസ്വദിച്ചാണ് കളിക്കാറുള്ളതെന്നും വീനസ് കൂട്ടിച്ചേര്‍ത്തു.
അഞ്ച് വിംബിള്‍ഡണ്‍ കിരീടമടക്കം ഏഴ് ഗ്രാന്‍ഡ് സ്ലാം നേടിയ താരമാണ് വീനസ് വില്യംസ്. എന്നാല്‍, കേവലം മൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടാന്‍ മാത്രമെ റഷ്യന്‍ താരം ഷറപ്പോവയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. പരിക്കേറ്റ് മാസങ്ങളോളം കോര്‍ട്ടിന് പുറത്തിരുന്ന ഷറപ്പോവ അടുത്തിടെയാണ് തിരിച്ചെത്തിയത്.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അമേരിക്കന്‍ താരം സെറീന വില്യംസ് ഓസീസ് താരം സമാന്ത സ്റ്റോസറുമായി ഏറ്റുമുട്ടും. പതിനൊന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ താരമാണ് സെറീന വില്യംസ്.