റെക്കോഡ് തേടി ഇറ്റലി

ലണ്ടന്‍| PRATHAPA CHANDRAN| Last Modified ചൊവ്വ, 10 ഫെബ്രുവരി 2009 (12:18 IST)
പരാജയമറിയാതെ കുതിക്കുന്ന ലോക ചാമ്പ്യന്‍‌മാ‍രായ ഇറ്റലിയെ തളയ്ക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങുന്നു. തോല്‍‌വിയറിയാതെ 32 മത്സരങ്ങളെന്ന ഇറ്റലിയുടെ റെക്കോഡ് തകര്‍ക്കാനാണ് അഞ്ചു തവണ ലോക ചാമ്പ്യന്‍‌മാ‍രായ ബ്രസീല്‍ ഇന്നത്തെ സൌഹൃദ മത്സരത്തിനിറങ്ങുന്നത്. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം.

ഇതുവരെയുള്ള ബലാബലത്തിലും ഇരു ടീമുകളും തുല്യമാണ്. 1970ലെയും 1994ലെയും ലോകകപ്പുകളിലടക്കം ഇരു ടീമുകളും 12 തവണ എറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണ വീതം ജയം ഇരുപക്ഷത്തും നിന്നു. ഇതില്‍ 1994 ലോകകപ്പ് ഫൈനലിലെ പെനാല്‍ട്ടി ഷൂട്ടൌട്ട് ദുരന്തം ഇറ്റലി ഇനിയും മറന്നിട്ടില്ല. അതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇറ്റലിയെ തൃപ്തരാക്കില്ല.

സൌഹൃദ മത്സരത്തെ അത്ര സൌഹാര്‍ദ്ദപരമായല്ല സമീപിക്കുന്നതെന്ന് ഇറ്റലി കോച്ച് മാഴ്സലൊ ലിപ്പിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതു വെറും പ്രദര്‍ശന മത്സരമല്ല. എമിറേറ്റ് സ്റ്റേഡിയത്തിലെത്തുന്ന 65000 കാണികളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടാവുമെന്നാണ് പ്രതീക്ഷ- ലിപ്പി പറഞ്ഞു. നിലവിലെ ഫോമില്‍ ബ്രസീലിനാണ് മുന്‍‌തൂക്കമെങ്കിലും സ്ട്രൈക്കര്‍മാരായ അമൌറിയുടെയും ഫാബിയാനോയുടെയും അസാന്നിധ്യം കോച്ച് ദുംഗയെ അലട്ടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :