പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്റെ 2010ലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അംഗീകാരം നേടിയതിന് തൊട്ടുപിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണിയെ തേടി മറ്റൊരു അവാര്‍ഡ് കൂടി. ഫുട്ബോള്‍ എഴുത്തുകാരുടെ അസോസിയേഷന് നല്കുന്ന പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് റൂണിയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷനിലെ അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് മികച്ച താരമായി റൂണിയെ തെരഞ്ഞെടുക്കപ്പെട്ടത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മികച്ച പ്രകടനമാണ് റൂണിയെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ഇരുപത്തിനാലുകാരനായ റൂണി ഈ സീഷണില് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 34 ഗോളുകള്‍ നേടി. നടപ്പ് സീസണില്‍ ഇംഗ്ലണ്ടിന് വേണ്ടി നാലു ഗോളുകളും നേടിയിരുന്നു.
ചെല്‍സിയയുടെ താരം ദിദിയര്‍ ദ്രോഗ്ബയാണ് വോട്ടിംഗില്‍ രണ്ടാം സ്ഥാനം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനിയന്‍ താരം കാര്‍ലോസ് ടെവസാണ് മൂന്നാം സ്ഥാനത്ത്. ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും കളി എഴുത്തുകാര്‍ നല്കുന്ന അംഗീകാരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും റൂണി പറഞ്ഞു. 1948 മുതല്‍ ഓരോ വര്‍ഷവും എഫ് ഡബ്ലിയു എ ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തിന് അവാര്‍ഡ് നല്‍കുന്നുണ്ട്.