സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് റയല്‍ മാഡ്രിഡിനെ നേരിടും. കഴിഞ്ഞ ആഴ്ച ബാഴ്സിലോണയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് അത്ലറ്റിക്കോ.
മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക്കോ മുന്‍നിരക്കാരായ ബാഴ്സിലോണയെ തകര്‍ത്തത്. ലീഗില്‍ അഞ്ചാം സ്ഥാനത്താണ് അത്ലറ്റിക്കോ. നാലാം സ്ഥാനത്തെത്തിയാല്‍ അടുത്ത ചാംപ്യന്‍സ് ലീഗിനു അവര്‍ക്ക് യോഗ്യത നേടാം. അത്ലറ്റിക്കോയുടെ ലക്ഷ്യവും അത് തന്നെയാണ്.
റയലും മിന്നുന്ന ഫോമില്‍ തന്നെയാണ്. ലീഗിലെ തുടര്‍ച്ചയായ പതിനൊന്നാം ജയം തേടിയാണ് അവര്‍ ഇന്നിറങ്ങുന്നത്. എസ്പാന്യോളിനെ കഴിഞ്ഞ കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ പത്താം ജയം സ്വന്തമാക്കിയത്.
ലീഗിലെ മറ്റ് മത്സരങ്ങളില്‍ വിയ്യാറല്‍ എസ്പന്യോളിനെയും ബാഴ്സലോണ അത്ലറ്റിക്കോ ബില്‍ബാവോയെയും ഇന്ന് നേരിടും. ബില്‍ബാവോയുമായുള്ള മത്സരം ബാഴ്സലോണയ്ക്ക് സ്പാനിഷ് കപ്പ് കലാശക്കളിയുടെ റിഹേഴ്സലാണ്. ഈ മാസം പതിമൂന്നിന് സ്പാനിഷ് കപ്പ് ഫൈനലിലും ഇരുവരുമാണ് ഏറ്റുമുട്ടുക.