രഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയില്ല

ന്യൂഡല്‍ഹി| WEBDUNIA|
PRO
രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് കായികമന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രഞ്ജിത് മഹേശ്വരി ഉത്തേജമരുന്ന് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ട് പരിശോധിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നതെന്ന് കായികമന്ത്രാലയം വ്യക്തമാക്കി.

കൊച്ചിയില്‍ നടന്ന നാല്‍പ്പത്താറാം ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍‌ഷിപ്പില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് രഞ്ജിത് മഹേശ്വരി ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കായികമന്ത്രാലയം രഞ്ജിത്തിന്‍റെ അര്‍ജുന മരവിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ അത് സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജിത്തിന് അര്‍ജുന നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രഞ്ജിത് മഹേശ്വരിക്ക് മൂന്ന് മാസം സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു എന്നതിന്‍റെ രേഖകള്‍ നല്‍കാതിരുന്നതിന് അത്‌ലറ്റിക് ഫെഡറേഷനെ കായികമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്. രേഖകള്‍ ഹാജരാക്കുന്നതില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പിഴവുവരുത്തി എന്നാണ് വിമര്‍ശനം.

എന്നാല്‍ താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ജലദോഷം വന്നപ്പോള്‍ മരുന്ന് കഴിക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു. “അര്‍ജുന അവാര്‍ഡിനായി എന്നെ വിളിച്ചുവരുത്തി അപമാനിച്ചു. എന്‍റെ ഇത്രയും കാലത്തെ കായികജീവിതത്തിന് ലഭിച്ച സമ്മാനമാണിത്. പൂര്‍ണമായും ഞാന്‍ അപമാനിക്കപ്പെട്ടു. ഇനിയൊരിക്കലും ഞാന്‍ അര്‍ജുന അവാര്‍ഡിന് അപേക്ഷിക്കില്ല. പക്ഷേ ഇതുകൊണ്ടൊന്നും എന്‍റെ കരിയര്‍ അവസാനിപ്പിക്കില്ല. മികച്ച പ്രകടനങ്ങള്‍ക്കായുള്ള ശ്രമം തുടരുകതന്നെ ചെയ്യും” - രഞ്ജിത് മഹേശ്വരി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :