ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ മല്‍ബണ്‍ ഗ്രാന്‍ഡ് പ്രീയില്‍ വിജയിച്ച ബ്രൌണ്‍ ജിപി 270 തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ടീം ചീഫ് എക്സിക്യൂട്ടീവ് നിക് ഫ്രൈ പറഞ്ഞു.
ആകെ എഴുനൂറ് സ്റ്റാഫുകളാണ് ബ്രൌണ്‍ ജിപിയില്‍ ഉള്ളത്. തൊഴിലാളികളുടെ എണ്ണം 430 ആക്കി ചുരുക്കാനാണ് കമ്പനിയുടെ തീരുമാനം. ടീം, ഫോര്‍മുല വണ്ണില്‍ വിജയം നേടിയ ഉടനെ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതില്‍ വിഷമമുണ്ടെന്ന് നിക് പറഞ്ഞു.
എന്നാല്‍ സാങ്കേതിക നിയന്ത്രണത്തിന്റെ പേരിലും സ്വാകാര്യ കമ്പനിയായതിനാലും തങ്ങള്‍ ഇതിന് നിര്‍ബന്ധിതമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട ഫോര്‍മുല വണ്‍ ടീമായിരുന്ന ഹോണ്ടയെ ബ്രൌണ്‍ ഏറ്റെടുക്കുകയായിരുന്നു. മാര്‍ച്ചിലായിരുന്നു ധൃതിയില്‍ റോസ് ബ്രൌണ്‍ ബ്രൌണ്‍ ജിപി എന്ന റെയ്സിംഗ് ഗ്രൂപ്പിന് രൂപം നല്‍കിയത്.
കഴിഞ്ഞ ദിവസം മെല്‍ബണില്‍ നടന്ന അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബ്രൌണ്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിരുന്നു.