മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിന് വീണ്ടും ലോകകപ്പ് ദുരന്തം. ആദ്യ മത്സരത്തില്‍ ഗോളടിക്കാന്‍ മറന്നു പോയ ഫ്രാന്‍സ് ഇന്നലെ മെക്സിക്കോയ്ക്ക് മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങിയതൊടെ ലോകകപ്പ് മോഹങ്ങള്‍ ഏതാണ്ട് അവസാനിച്ചു.
രണ്ടാം പകുതിയില്‍ പകരക്കാര്‍ കുറിച്ച രണ്ടു ഗോളുകള്‍ക്കാണ് മെസ്കിക്കോ ഫ്രാന്‍സിന്റെ കഥകഴിച്ചത്. 64-ാം മിനിറ്റില്‍ ഗോള്‍ നേടിയ ഹവിയര്‍ ഹെര്‍ണാണ്ടസും 79-ാം മിനിറ്റില്‍ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച കോട്ടിമൊ ബ്ലാങ്കോയുമാണ് വിജയശില്പികള്. ഇരുവരും രണ്ടാം പകുതിയിലാണ് ഇറങ്ങിയത്.
ഫ്രഞ്ച് പ്രതിരോധ നിര ഒരുക്കിയ ഒാഫ് സൈഡ് കെണിയില്‍ കുടുങ്ങാതെ മുന്നേറിയ ഹെര്‍ണാണ്ടസ് ചെറുക്കാന്‍ വന്ന ഗോളി ലോറിസിനെ വലത്തോട്ടു കയറി ആളില്ലാത്ത പോസ്റ്റിലേക്കു നിറയൊഴിക്കുകയായിരുന്നു(1-0). പാബ്ലോ ബരേരയെ ഫ്രഞ്ച് ബോക്സിനകത്തു വച്ച് ഡിഫന്‍ഡര്‍ എറിക് ആബിദാല്‍ വീഴ്ത്തിയതിനുവിധിച്ച പെനല്‍റ്റി ബ്ലാങ്കോ വലയിലെത്തിച്ചു(2-0).
മെക്സിക്കോയുടെ ചുറുചുറുക്കിന് മറുപടി നല്കാന് ഫ്രാന്‍സിന്റെ വയസ്സന് പടയ്ക്ക് കഴിഞ്ഞില്ല. കാര്‍ലോസ് വേലയും ഗ്വില്ലര്‍മോ ഫ്രാങ്കോയുമെല്ലാം ഫ്രഞ്ച് ഗോള്‍മുഖത്ത് നിരന്തരം ആക്രമണ ഭീഷണി ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ കുതിച്ചു കയറിയ ലെഫ്റ്റ് ബാക്ക് കാര്‍ലോസ് സാല്സിഡോസിനെ ചെറുക്കാനും ഫ്രഞ്ച് ഡിഫന്‍ഡര്‍മാര്‍ പാടുപെടേണ്ടി വന്നു.
അവസാന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ വന്മാര്ജിനി തോല്‍പ്പിക്കുകയും മെക്സിക്കോ ഉറുഗ്വേ മത്സരം സമനില ആവാതിരിക്കുകയും ചെയ്താല്‍ മാത്രമേ ഇനി ഫ്രാന്‍സിന് നേരിയ പ്രതീക്ഷയ്ക്കെങ്കിലും വകയുള്ളു. ഇതുവരെ ഗോളടിക്കാത്ത ഫ്രഞ്ച് നിരയില്‍ നിന്ന് അങ്ങനെ ഒരു അത്ഭുതം ഫ്രാന്‍സിന്റെ കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.