ഫോര്‍മുല വണ്‍ തര്‍ക്കം തീരുന്നു

പാരിസ്| അയ്യാനാഥന്‍| Last Modified വ്യാഴം, 25 ജൂണ്‍ 2009 (11:50 IST)
എട്ടു ടീമുകള്‍ ചേര്‍ന്ന് സമാന്തരലീഗ് തുടങ്ങാനുള്ള തീരുമാനത്തെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ ഫോര്‍മുല വണ്‍ വീണ്ടും ശരിയായ ട്രാക്കിലേക്ക് നീങ്ങുന്നു. അടുത്ത വര്‍ഷം മുതല്‍ ടീമുകളുടെ ബജറ്റ് 65 മില്യണ്‍ ഡോളര്‍ ആയിരിക്കണമെന്ന നിലപാടില്‍ ഫോര്‍മുല വണ്‍ ടീമുകളുടെ സംഘടനാ പ്രസിഡന്‍റ് മാക്സ് മോസ്‌ലി അയവ് വരുത്താന്‍ തയ്യാറായതോടെയാണ് നാളുകളായി നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമായത്.

പുതിയ തീരുമാനപ്രകാരം ബജറ്റ് 65 മില്യണ്‍ ഡോളറില്‍ ഒതുക്കണമെന്ന നിര്‍ദേശം ഫെഡറേഷന്‍ പീന്‍‌വലിക്കും. സംഘടനയില്‍ ഭിന്നതയില്ലെന്നും ചെലവ് ചുരുക്കുന്ന കാര്യത്തില്‍ ഫെഡറേഷന്‍ യോജിപ്പിലെത്തിയെന്നും മോ‌സ്‌ലി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളൈല്‍ ടീമുകളുടെ ചെലവ് 1990കളിലേതിന് സമാനമാക്കുമെന്നും മോസ്‌ലി അറിയിച്ചു.

ഫോര്‍മുല വണ്‍ നിയന്ത്രിക്കുന്ന ഇന്‍റര്‍നാഷണല്‍ ഓട്ടോ മൊബൈല്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റായി 1993 മുതല്‍ തുടരുന്ന മോ‌സ്‌ലിയുടെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് ഫെറാരിയുടെ നേതൃത്വത്തില്‍ ടീമുകള്‍ സമാന്തര ലീഗ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി ഏട്ടു ടീമുകള്‍ ചേര്‍ന്ന് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു.ഇനി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും മോ‌സ്‌ലി അറിയിച്ചിട്ടുണ്ട്.

ഫോര്‍മുല വണ്ണിന്‍റെ തുടക്കം മുതല്‍ പങ്കെടുത്തിരുന്ന ടീമായ ഫെറാരി, മക്‍ലാറന്‍, റെനൌള്‍ട്ട്, ബി എം ഡബ്ലിയു, റെഡ് ബുള്‍ റേസിംഗ്,ടോറോ റോസൊ എന്നീ ടീമുകളാണ് ഫോട്ടയില്‍ അംഗങ്ങളായിരുന്നത്. ഫോര്‍മുല വണ്‍ റെയ്സിന്‍റെ ഭരണ സമിതിയായ ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ഓട്ടോമൊബൈല്‍‌സ്(എഫ് ഐ എ) നിര്‍ദ്ദേശിച്ച സാങ്കേതിക നിയന്ത്രണങ്ങളും സാമ്പത്തിക നിര്‍ദ്ദേശവുമാണ് ടീമുകളുടെ പ്രതിഷേധത്തിനിടയാക്കിയത്.

എഫ് വണ്ണില്‍ പങ്കെടുക്കുന്ന ടീമുകള്‍ സാമ്പത്തിക കിടമത്സരം ഒഴിവാക്കാനായി തങ്ങളുടെ ബജറ്റ് 65 മില്യണ്‍ ഡോളറില്‍ ഒതുക്കാന്‍ തയ്യാറാവണമെന്ന എഫ് ഐ എ പ്രസിഡന്‍റ് മാക്സ് മോസ്‌ലിയുടെ നിര്‍ദേശമാണ് ടീമുകളെ ചൊടിപ്പിച്ചത്. ഇതിന് തയ്യാറാവാത്ത ടീമുകള്‍ക്ക് മേല്‍ സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മോസ്‌‌ലി അറിയിച്ചിരുന്നു.പ്രശ്നം പരിഹരിക്കാന്‍ ടീമുടമകളുമായി എഫ് വണ്‍ അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :