പ്രവചനവീരന് സ്മാരകമൊരുങ്ങുന്നു

ലണ്ടന്‍| WEBDUNIA|
PRO
PRO
പോള്‍ നീരാളിയെ ഓര്‍മ്മയില്ലേ? കഴിഞ്ഞ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ വമ്പന്‍‌ ടീമുകളെ പ്രവചിച്ച് തോല്‍പ്പിച്ച പോള്‍ നീരാളിയെ? ഇപ്പോള്‍ എന്താണ് വാര്‍ത്തയെന്നല്ലേ? പറയാം, സ്വന്തം നാട്ടില്‍ പ്രവചനവീരന് സ്മാരകമൊരുക്കുന്നു.

പോള്‍ നീരാളി മരിച്ചിട്ട് മൂന്നുമാസം പിന്നിടുമ്പോള്‍ ആരാധകര്‍ നീരാളിയുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുകയാണ്. ജര്‍മ്മനിയില്‍ നീരാളിയുടെ വാസസ്ഥലമായിരുന്ന ഓബെര്‍ഹൌസനിലാണ് സ്മാരകമായി പ്രതിമ ഒരുങ്ങുന്നത്. ആറ് അടിയായിരിക്കും പ്രതിമയുടെ ഉയരമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുട്ബോളിന്റെ മുകളില്‍ നീരാളിയെന്ന തരത്തിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്. ഇതിന്റെ നടുക്ക് നീരാളിയുടെ ചിതാഭസ്മം അടങ്ങിയ സ്വര്‍ണകുംഭവും ഉണ്ടാകും.

ലോകകപ്പില്‍ ജര്‍മ്മനിയുടെ തുടര്‍ച്ചയായ ഏഴു മത്സരങ്ങള്‍ പ്രവചിച്ചാണ് പോള്‍ നീരാളി വാര്‍ത്തകളില്‍ ഇടംനേടിയത്. ഫൈനലില്‍ സ്പെയിനിന്റെ വിജയവും നീരാളി പ്രവചിച്ചിരുന്നു. ലോകകപ്പില്‍ മത്സരിക്കുന്ന രാജ്യത്തിന്റെ പതാകയുള്ള പെട്ടിയുടെ മുകളില്‍ ഭക്ഷണം വെച്ച് നീരാളിയെ പാര്‍പ്പിച്ചിരുന്ന ടാങ്കില്‍ നിക്ഷേപിച്ചായിരുന്നു പ്രവചനം മനസ്സിലാക്കിയിരുന്നത്. ഏത് പെട്ടിയുടെ പുറത്തുള്ള ഭക്ഷണമാണോ നീരാളി കഴിക്കുന്നത് ആ രാജ്യം ജയിക്കുമെന്നതായിരുന്നു പ്രവചനത്തിന്റെ രീതി.

നീരാളിയുടെ മരണത്തില്‍ നൂറ് കണക്കിന് ആരാധകരാണ് ഫേസ്ബുക്കിലൂടെയും മറ്റും അനുശോചിച്ചിരുന്നത്. മൂന്നുവയസ്സുണ്ടായിരുന്ന നീരാളി 2010 ഒക്ടൊബറിലാണ് മരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :