ഇതിഹാസ താരങ്ങള്‍ ഏറ്റുമുട്ടിയ പ്രദര്‍ശന ടെന്നീസ് മത്സര പരമ്പരയില്‍ ഇത്തവണ പീറ്റ് സംപ്രാസിന്റെ കൈക്കരുത്ത് ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ മനസ്സിലാക്കി. ശനിയാഴ്ച മക്കാവൂവില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 7-6, 6-4 നാണ് വെറ്ററന്‍ താരം യുവ താരത്തെ കീഴടക്കിയത്.
ഇതോടെ മത്സര പരമ്പര 2-1 നു അവസാനിച്ചു. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ പിടിച്ച സമ്പ്രാസ് രണ്ടാമത്തെ സെറ്റില്‍ 4-4 ല്‍ വച്ച് ഫെഡററെ പിടികൂടുകയും വിജയം പിടിച്ചെടുക്കുകയുമായിരുന്നു. തന്റേ ട്രേഡ്മാര്‍ക്കായ ഫയറിംഗ് സര്വുമായിട്ടാണ് സമ്പ്രാസ് രണ്ടാം ഗെയിം തുടങ്ങിയത്.
രണ്ടു കളിക്കാരും കൂടി മത്സരത്തില്‍ 14 എയ്സുകള്‍ പുറത്തെടുത്തു. നേരത്തെ ക്വാലലമ്പൂരിലും സോളിലും നടന്ന മത്സരത്തില്‍ വിജയം നേടിയ ഫെഡറര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. സോളില്‍ നടന്ന ആദ്യ മത്സരം ഒരു മണിക്കൂര്‍ നീണ്ടു നിന്നു. ഈ മത്സരത്തില്‍ 6-4, 6-3 നായിരുന്നു ഫെഡറര്‍ ജയിച്ചത്.
രണ്ടാമത്തെ മത്സരം ക്വാലലമ്പൂരില്‍ 90 മിനിറ്റു നീണ്ടു നിന്നു. ഇരുവരും എ ടി പി ടൂറില്‍ ഒരിക്കല്‍ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ. 2001 ല്‍ അഞ്ചു സെറ്റുകള്‍ നീണ്ട വിംബിള്‍ഡണ്‍ മത്സരത്തില്‍ അന്ന് ഫെഡറര്‍ സമ്പ്രാസിനെ പരാജയപ്പെടുത്തി. 36 കാരനായ സമ്പ്രാസ് 2002 ല്‍ മത്സര രംഗം വിട്ടിരുന്നു.