നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ മലയാളി താരം പിസി തുളസിക്ക് കിരീടം നഷ്ടമായി. ഇന്നലെ നടന്ന ഫൈനല്‍ മല്‍സരത്തില്‍ മഹാരാഷ്ട്രയുടെ സയാലി ഗോഖലയോടാണ് തുളസി പരാജയപ്പെട്ടത്. സ്കോര്‍: 17-21, 21-16, 13-21.
ആദ്യ സെറ്റില്‍ പരാജയപ്പെട്ടതിന് ശേഷം രണ്ടാം സെറ്റില്‍ തുളസി ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ അത് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതോടെ തുളസിക്ക് കിരീട സ്വപ്നങ്ങള്‍ നഷ്ടമാകുകയായിരുന്നു. തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ തുളസി കണ്ണൂര്‍ തെക്കേവീട്ടില്‍ ടി.വി പ്രശാന്തന്റേയും രോഹിണിയുടെയും മകളാണ്. നേരത്തെ പുണെയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സിക്കി റെഡ്ഢിക്കൊപ്പം ഡബിള്‍സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
പുരുഷവിഭാഗം സിംഗിള്‍സില്‍ ഒന്നാം സീഡായ കര്‍ണ്ണാടകയുടെ അരവിന്ദ് ഭട്ട് മൂന്നാം സീഡ് പി. കശ്യപിനെ കീഴടക്കി കിരീടം നേടി. സ്കോര്‍: 21-19, 21-14. പുരുഷവിഭാഗം ഡബിള്‍സില്‍ മലയാളി താരങ്ങളായ രൂപേഷ് കുമാര്‍-സനേവ് തോമസ് സഖ്യത്തിനാണ് കിരീടം. മലയാളിയായ അരുണ്‍ വിഷ്ണു - കെ.തരുണ്‍ സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-15, 21-16.
വനിതാവിഭാഗം ഡബിള്‍സില്‍ മലയാളിതാരം ശ്രുതി കുര്യന് - ആന്ധ്രയുടെ ജ്വാല ഗുപ്ത സഖ്യത്തിനാണ് കിരീടം. ധന്യ നായര്‍ - അനിത ഓച്ച്ലന് സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-12, 21-13. മിക്സഡ് ഡബിള്‍സില്‍ വി.ദിജുവും ജ്വാല ഗുപ്തയും ജേതാക്കളായി. അരുണ്‍ വിഷ്ണു-അപര്‍ണ ബാലന് സഖ്യത്തെ 16-21, 21-19, 21-12 എന്ന സ്കോറിനാണ് ഇവര്‍ പരാജയപ്പെടുത്തിയത്.