ഒടുവില്‍ ചെല്‍സി മാനം കാത്തു. പ്രീമിയര്‍ ലീഗില്‍ ഏറെ വെല്ലുവിളിയുയര്‍ത്തിയ ആസ്റ്റണ്‍വില്ലയെ അവര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഈ ജയത്തോടെ 52 പോയന്‍റുമായി മൂന്നാം സ്ഥാനവും ചെല്‍സി തിരിച്ചുപിടിച്ചു.
പത്തൊമ്പതാം മിനിറ്റില്‍ നിക്കോളാസ് അനൈല്‍ക്കയാണ് ചെല്‍സിക്ക് വിജയഗോള്‍ സമ്മാനിച്ചത്. അനൈല്‍ക്കയുടെ ഈ സീസണിലെ ഇരുപത്തിയൊന്നാം ഗോളാണിത്. മുപ്പത്തിനാലാം മിനുട്ടില്‍ ആഷ്‌ലി യംഗ് സമനിലയ്ക്കായി ശ്രമിച്ചെങ്കിലും ഭാഗ്യം ചെല്‍സിയുടെ കൂടെയായിരുന്നു. യംഗിന്‍റെ ഫ്രീ ക്വിക്ക് ബാറില്‍ തട്ടി പാഴായി.
എതിരാളികളുടെ കരുത്തറിഞ്ഞ് കരുതലോടെയായിരുന്നു ചെല്‍സിയുടെ ഓരോ നീക്കങ്ങളും. ചെല്‍സിയുടെ വിജയം പുതിയ പരിശീലകന്‍ ഗുസ് ഹിഡിംഗിനുള്ള ഗുരുദക്ഷിണ കൂടിയായി. ഹിഡിംഗിന്‍റെ നേതൃത്വത്തില്‍ ചെല്‍സിയുടെ ആദ്യ ലീഗ് മത്സരമായിരുന്നു ഇത്.
മറ്റൊരു മത്സരത്തില്‍ പോയന്‍റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്ലാക് ബേണ്‍ റോബേഴ്സിനെ പരാജയപ്പെടുത്തി. 2 - 1നായിരുന്നു മാഞ്ചെസ്റ്ററിന്‍റെ വിജയം. അതേസമയം ആര്‍സനല്‍ സണ്ടര്‍ലാന്‍ഡ് മത്സരം സമനിലയില്‍ കലാശിച്ചു