അപർണ|
Last Modified ചൊവ്വ, 10 ജൂലൈ 2018 (17:07 IST)
ഇന്ത്യൻ സംസ്ക്കാരത്തില് വളരെയധികം പ്രധാന്യമുണ്ട് കാതുകുത്തല് ചടങ്ങിന്. സംസ്കൃതത്തില്
കുഞ്ഞിന്റെ കാതുകുത്തുന്ന ചടങ്ങിനെ കര്ണ്ണവേധം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരുകാലത്ത് സ്ത്രികളും പുരുഷന്മാരും ഒരേപോലെ ആചരിച്ചിരുന്ന ആചാരമായിരുന്നു കാതുകുത്തല്.
ഇപ്പോള് പെണ്കുട്ടികള്ക്ക് മാത്രമാണ് കാതുകുത്തല് നടത്തുക. നിലവിളക്ക് കത്തിച്ച് ഗണപതിയൊരുക്ക് വച്ചശേഷമാണ് കാതുകുത്തല് നടത്തുന്നത്. കുഞ്ഞിന്റെ 1, 3, 5 തുടങ്ങിയ ഒറ്റ വയസ്സുകളിലാണ് കാതുകുത്തല് നടത്തുന്നത്. പാരമ്പര്യമായി പരിശിലനം സിദ്ധിച്ച വ്യക്തി സ്വര്ണ്ണ കമ്പിയോ ചെമ്പു കമ്പിയോ നാരകത്തിന്റെ മുള്ളോ ഉപയോഗിച്ച് ഒരു തുള്ളി രക്തം പോലും പൊടിയാതെയാണ് ഈ കര്മ്മം ചെയ്യുന്നത്. കാത് കുത്തിയ ശേഷം അവിടെ വെണ്ണ പുരട്ടുകയും ചെയ്യും.
കാതുകുത്തലും ശുഭ മുഹൂര്ത്തത്തിലാണ് ചെയ്യേണ്ടത്. അവിട്ടം, അത്തം, മകയിരം, തിരുവാതിര, പുണര്തം, പൂയം, രേവതി, തിരുവോണം, ചിത്തിര എന്നീ നക്ഷത്രങ്ങള് കര്ണ്ണവേധത്തിനു ശുഭങ്ങളാണ്. ഉത്രം, ഉത്രാടം, ഉതൃട്ടാതി നക്ഷത്രങ്ങളും കൊള്ളാമെന്ന് ചില ആചാര്യന്മാര്ക്ക് അഭിപ്രായമുണ്ട്. മകരം, ഇടവം, മിഥുനം, കര്ക്കിടകം, കന്നി, തുലാം, ധനു, മീനം എന്നീ രാശികള് കര്ണ്ണവേധത്തിന് ഉത്തമമാണ്. മറ്റുള്ള രാശികള് വര്ജ്ജിക്കേണ്ടതാണ്.
എന്നാല്, നക്ഷത്രമോ തിഥിയോ പകല് അവസാനിക്കുന്ന ദിവസം കര്ണ്ണവേധം ചെയ്യരുത്. മുഹൂര്ത്ത രാശിയുടെ അഷ്ടമം ശുദ്ധമായിരിക്കണം. പാപോദയവും ചന്ദ്രോദയവും വര്ജ്ജിക്കുകയും വേണം. ശിശു ജനിച്ച് പത്താം ദിവസമോ പന്ത്രണ്ടാം ദിവസമോ പതിനാറാം ദിവസമോ കര്ണ്ണവേധം നടത്താവുന്നതാണ്. ഏഴാം മാസത്തിലും എട്ടാം മാസത്തിലും കര്ണ്ണവേധം നടത്താം.
കര്ണ്ണവേധത്തിന് ഷഡ്ദോഷങ്ങളുള്ള സമയം സ്വീകരിക്കരുത്. ഒന്ന്, മൂന്ന്, അഞ്ച് മുതലായ ഒറ്റ വയസ്സുകളില് മാത്രമേ കര്ണ്ണവേധം പാടുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജനിച്ച്, രണ്ട്, നാല്, ആറ് തുടങ്ങിയ ഇരട്ട വര്ഷങ്ങളില് ഒരു കാരണവശാലും കര്ണ്ണവേധം പാടില്ല. ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികള് കര്ണ്ണവേധത്തിനു കൊള്ളില്ല. മുഹൂര്ത്ത സമയത്ത് തിഥിനക്ഷത്രസന്ധികള് വരരുത്. രാത്രിയില് കര്ണ്ണവേധം പാടില്ല. മുഹൂര്ത്ത ദിവസം നക്ഷത്രങ്ങളുടെയോ തിഥികളുടെയോ യോഗം വന്നാല് ആ സമയം കര്ണ്ണവേധം പാടില്ല.
ശുഭഗ്രഹങ്ങള് ഉദിക്കുമ്പോഴും മുഹൂര്ത്ത ലഗ്നത്തിന്റെ ഇരുപുറത്തും ശുഭഗ്രഹങ്ങള് നില്ക്കുമ്പോഴും ത്രികോണങ്ങളില് ശുഭഗ്രഹങ്ങള് നില്ക്കുമ്പോഴും ആറ്, എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നീ ഭാവങ്ങളില് ശുഭഗ്രഹങ്ങള് നില്ക്കുമ്പോഴും മീനത്തില് വ്യാഴം നില്ക്കുമ്പോഴും ശുഭന്മാര് നാലിലും പത്തിലും നില്ക്കുമ്പോഴും മീനത്തില് ശുക്രന് നില്ക്കുമ്പോഴും കര്ണ്ണവേധത്തിനു ശുഭമാണ്. ചന്ദ്രന് മുഹൂര്ത്ത രാശിയുടെ ഉപചയ ഭാവങ്ങളില് ഒന്നില് നില്ക്കുമ്പോഴും ശുക്രന്റെ ഉപചയത്തില് വ്യാഴം നില്ക്കുമ്പോഴും വ്യാഴം മുഹൂര്ത്ത ലഗ്നത്തിന്റെ ഉഅപചയത്തില് നില്ക്കുമ്പോഴും കര്ണ്ണവേധം ശുഭമാണ്.
ലഗ്നത്തില് ശുഭഗ്രഹങ്ങള് നില്ക്കുകയോപതിനൊന്നില് വ്യാഴം നില്ക്കുകയോ മൂന്നില് ഒരു ഗ്രഹവും ഇല്ലാതിരിക്കുകയോ തിരുവോണം, രേവതി, അശ്വതി, മകയിരം, ചിത്തിര, പൂയം എന്നീ നക്ഷത്രങ്ങളില് ഒന്ന് വരികയോ ചെയ്താലും ശുഭത്വം വര്ദ്ധിക്കും.
ജന്മാനുജന്മ നക്ഷത്രങ്ങള് കര്ണ്ണവേധത്തിനു വര്ജ്ജ്യമാണ്. കര്ണ്ണവേധത്തിനുള്ള യോഗങ്ങള് ഉണ്ടെങ്കില് മുഹൂര്ത്തം പ്രത്യേകം ചിന്തനീയമല്ല. മേല്പ്പറഞ്ഞ രാശികളിലെ മേടവും മകരവും മധ്യമങ്ങളാണ്. ഞായര്, ശനി ദിവസങ്ങള് കര്ണ്ണവേധത്തിന് മധ്യമങ്ങളായി എടുക്കാം. രാത്രിയെ മൂന്നായി ഭാഗിച്ചതിന്റെ മൂന്നാമത്തെ ഭാഗത്ത് കര്ണ്ണവേധത്തിനു യോഗമുണ്ടെങ്കില് ശുഭമാണ്. എന്നാല്, ആദ്യത്തെ രണ്ട് ഭാഗങ്ങള് വര്ജ്ജിക്കുക തന്നെ വേണം.