പൂക്കോടിന്‍െറ മനോഹാരിതയില്‍...

WEBDUNIA|
വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പൂക്കോട് കോഴിക്കോട്ടു നിന്ന് താമരശ്ശേരി ചുരം കയറിയാല്‍ ലക്കിടിയായി. ലക്കിടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പൂക്കോട് എത്താം. വൈത്തിരി പഞ്ചായത്തിലെ തളിപ്പുഴയ്ക്കടുത്താണ് വിനോദസഞ്ചാരികളുടെ മനം കവരുന്ന പുക്കോട് തടാകം

സമുദ്രനിരപ്പില്‍നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജലാശയം അപൂര്‍വ്വമായ മത്സ്യങ്ങളും, പായലുകളും ജലസസ്യങ്ങളെയും കൊണ്ട് സമൃദ്ധമാണ്. സ്ഫടികതുല്യമായി വെട്ടിത്തിളങ്ങുന്ന ഈ ജലാശയം സഞ്ചാരികളെ ഒട്ടൊന്നുമല്ല ആകര്‍ഷിക്കുന്നത്. നല്ല ആഴവും പരപ്പുമുള്ള ഈ ജലാശയം കേരളത്തിലെ പ്രധാന ശുദ്ധജല തടാകവുമാണ്. പുല്‍തകിടികള്‍ ജലാശയത്തെ വലയം ചെയ്തിരിക്കുന്നത് കാണാം.

തടാകത്തിന്‍െറ നാലുഭാഗവും കാണുന്ന മലനിരകള്‍ സഞ്ചാരികളുടെ മനം മയക്കുന്നു. പൂക്കോട് തടാകത്തിലെ ബോട്ടുയാത്ര സുഖകരമായൊരു അനുഭൂതിയായിരിക്കും. അഞ്ചോ ആറോ പേര്‍ക്ക് ഇരുന്നു തുഴയാവുന്ന ഉല്ലാസ നൗകകള്‍ ഇവിടെ ലഭ്യമാണ്. ഇതു കൂടാതെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, കരകൗശല-സുഗന്ധദ്രവ്യങ്ങളുടെ എംബോറിയവും വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. അപൂര്‍വ്വ ഇനത്തിലുള്ള പക്ഷികളുടെ ആവസാസ്ഥലമാണിവിടം.... വയനാട്ടിലെ 544ചതുരശ്രകിലോമീറ്റര്‍ വനഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേശം.... അങ്ങനെ പോകുന്നു പൂക്കോടിന്‍െറ വിശേഷണങ്ങള്‍.

കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴി പൂക്കോടില്‍ വരികയാണെങ്കില്‍ യാത്ര ഒരു അവിസ്മരണീയ അനുഭവമായിരിക്കും. അടിവാരം മുതല്‍ ലക്കിടിവരെയുള്ള താമരശ്ശേരി ചുരം 12 കിലോമീറ്റര്‍ ദൂരത്തില്‍ 9 ഹെയര്‍പിന്‍ വളവുകള്‍ ചേര്‍ന്നതാണ്. ശ്വാസമടക്കിപ്പിടിച്ചേ സഞ്ചാരികള്‍ക്കിതിലെ യാത്രചെയ്യാനാവൂ. ഇരുവശങ്ങളിലുമുള്ള ഇടതൂര്‍ന്ന വനങ്ങളും അഗാതമായ കൊക്കകളും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. ഇന്ത്യയില്‍ അപൂര്‍വ്വമായേ ഇത്തരത്തിലുള്ള ഹെയര്‍പിന്‍ വളവുകള്‍ ഉള്ളൂ.

പൂക്കോടിനെ കുറിച്ചു പറയുമ്പോള്‍ വൈത്തിരി ടൗണിനെ വിസ്മരിക്കുന്നതെങ്ങിനെ? വൈത്തിരിയില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ വടക്കാണ് പൂക്കോട് തടാകം. ഇടതൂര്‍ന്ന വനഭംഗിയും ശുദ്ധജലത്തിന്‍െറ ലഭ്യതയും, സുഖകരമായ കാലവസ്ഥയും വൈത്തിരിയെ മനോഹരിയാക്കുന്നു

സുഗന്ധദ്രവ്യങ്ങളുടെ വിളനിലമാണിവിടം. സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വൈത്തിരിയേയും സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. കോഴിക്കോട്നിന്ന് 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വൈത്തിരിയില്‍ എത്തിച്ചേരാം. കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്.

എടയ്ക്കല്‍ ഗുഹ, പഴശ്ശിസ്മാരകം, മുത്തങ്ങ, തിരുനെല്ലിക്ഷേത്രം, പക്ഷിപാതാളം, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങളാണ് വയനാട്ടിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :