കോവളം ബീച്ച് സന്ദര്‍ശിക്കാത്ത വിനോദ സഞ്ചാരികളുണ്ടാവില്ല. കോവളത്ത് ഒരു തവണ വരുന്ന വിദേശ സഞ്ചാരി വീണ്ടും ഇവിടെയെത്തുന്നതില്‍ അത്ഭുതമില്ല. ശാന്തമായ കടലും നൈസര്‍ഗ്ഗിക സൌന്ദര്യവുമാണ് ഈ തീരത്തിന്‍റെ ആകര്‍ഷണം.
മനോഹരമായ വെള്ള മണല്‍നിറഞ്ഞ ബീച്ചിലെ ചന്ദ്രികയില്‍ എല്ലാം മറന്നിരിക്കുന്ന സഞ്ചാരികള്‍ തന്നെയാണ് ഇവിടം തെക്കിന്‍റെ സ്വര്‍ഗം എന്ന് വിശേഷിപ്പിച്ചത്. ശാന്തമായ കടല്‍ നീന്താനുള്ള പ്രലോഭനം തരും.
ഗ്രാമീണത ചേര്‍ന്നു നില്‍ക്കുന്ന ഇടമായതിനാല്‍ സഞ്ചാരികള്‍ക്ക് നാളീകേരവും കരിക്കും മറ്റും ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസം ലഭ്യമാക്കാനും കോവളത്ത് പ്രശ്നമുണ്ടാവില്ല. ഇതിനായി ഒരു നിര റിസോര്‍ട്ടുകള്‍ തന്നെ ഇവിടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും വിനോദ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും സെപ്തംബര്‍ മുതല്‍ മെയ് വരെയാണ് ഏറ്റവും നല്ല സീസണായി കണക്കാക്കുന്നത്.