ചേരിതിരിവിലെ കാണാപ്പുറങ്ങള്‍

WEBDUNIA|
എല്ലാം മാധ്യമ സൃഷ്ടി-സി.പി.എമ്മിലെ ചേരിതിരിവിനെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ കാണുന്നതിങ്ങനെയാണ്. വക്രത എന്തെന്നറിയാത്ത നേതാക്കളെ ബോധപൂര്‍വ്വം ഉന്നയിക്കുന്ന ചോദ്യങ്ങളിലൂടെ കീഴ്പെടുത്തിയാണ് വിവാദത്തിനാസ്പദമായ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും പിണറായി പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വളച്ചൊടിക്കാന്‍ തക്കവണ്ണം പ്രസ്താവനകള്‍ നല്‍കിയ വ്യക്തികളില്‍ പ്രമുഖനാണ് വി.എസ് അച്യുതാന്ദന്‍. അനുഭസമ്പത്തുകൊണ്ട് സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവെന്ന് പിണറായി വിശേഷിപ്പിച്ച വി. എസ്.നൊപ്പം മാധ്യമങ്ങള്‍ക്ക് വിവാദ പരമാര്‍ശങ്ങള്‍ നല്‍കിയവരും ചില്ലറക്കാരല്ല. പാര്‍ട്ടിയിലെ യുവതുര്‍ക്കിയെന്ന് വിളിപ്പേരുള്ള എം.എ.ബേബിയും ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയുമാണവര്‍.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ചേരിതിരിവ് ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചതായി ചില സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പറയുമ്പോള്‍ പിണറായി പറയുന്നത് അങ്ങനെയൊന്നില്ലെന്നാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെങ്കില്‍ വക്രതയില്ലാത്തതുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്‍റെ മതം.

പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ പത്രങ്ങള്‍ക്ക് സെക്രട്ടറി പറയുന്നതിനു മുന്‍പ് ചോര്‍ന്നുകിട്ടാറുണ്ടെന്നത് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല.സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി പ്രഖ്യാപിക്കുന്നതി മുന്‍പ് അതേപ്പറ്റി എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിദേശ ഇടപെടല്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചെന്ന് മലയാള മനോരമ വാര്‍ത്ത നല്‍കിയപ്പോള്‍ മാതൃഭൂമിയുടെ തലവാചകം വിദേശ പണം വാങ്ങിയിട്ടില്ല, അന്വേഷണവുമില്ലെന്നായിരുന്നു. ഈ വാര്‍ത്തകളില്‍ പറഞ്ഞ കാര്യമൊക്കെയായിരുന്നു പിണറായി വെള്ളിയാഴ്ച ഔദ്യോഗികമായി പറഞ്ഞതും.

ഇതിനു അനുബന്ധമായുള്ള വിഷയമായാണ് യോഗത്തിലെ ഭിന്നതയും വാര്‍ത്തകളില്‍ നിറയുന്നത്. സെക്രട്ടറിയേറ്റ് എടുത്ത തീരുമാനങ്ങള്‍ സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തിനു മുന്‍പ് കൃത്യമായി നല്‍കിയ പത്രങ്ങള്‍ മറ്റ് പ്രശ്നങ്ങളില്‍ പറയുന്നതും ശരിയാണെന്ന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംശയിച്ചു പോകും. ദൃശ്യമാധ്യമങ്ങളും ഇത് ആഘോഷപൂര്‍വ്വം നല്‍കി.

അതിനാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന പിണറായി ശ്രദ്ധിക്കേണ്ടത് സി.പി.എമ്മിന്‍റെ കേഡര്‍ സ്വഭാവം നേതാക്കള്‍ക്കിടയില്‍ നഷ്ടപെടാതിര്‍ക്കാനും പാര്‍ട്ടി തീരുമാനങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് ചോര്‍ന്നു പോകാതിരിക്കാനുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :