കഴിഞ്ഞ രണ്ട് ആഴ്ചയായി എറണാകുളത്തെ കുസാറ്റ് ക്യാമ്പസില്‍ വലിയൊരു വിവാദം നടക്കുകയാണ്. വിവാദം കുസാറ്റിലായതിനാല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഉള്ളതാണെന്ന് തെറ്റിദ്ധരിക്കരുതേ! പ്രശ്നം മറ്റൊന്നാണ്. ക്യാമ്പസിലെ സുന്ദരിയായ സാഗരകന്യകയ്ക്ക് സ്തനങ്ങള്‍ നഷ്‌ടപ്പെട്ടിരിക്കുന്നു. മുലയരിഞ്ഞ കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കഥ മലയാളികള്‍ എല്ലാവരും അറിഞ്ഞു. സാംസ്കാരിക നേതാക്കള്‍ രംഗത്തെത്തി. പിന്നീട് സാഗരകന്യകയുടെ സ്തനം യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കും എന്ന് തീരുമാനവുമായി.
സ്തനങ്ങള്‍ പോയതുകൊണ്ട് പ്രശ്നപരിഹാരമായോ? ഇല്ലെന്നാണ് പുതിയ വാര്‍ത്ത. വിവാദമായ സാഗരകന്യകയെ മൊത്തത്തില്‍ വെട്ടിമാറ്റണമെന്നാണ് പ്രൊ വൈസ് ചാന്‍സലര്‍ ഡോക്‌ടര്‍ ഗോഡ് ഫ്രേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്ന സര്‍വ്വകലാശാലയിലെ എല്ലാ ശില്‍പ്പങ്ങളും വെട്ടിമാറ്റണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
സര്‍വകലാശാലയിലെ വനിതാജീവനക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ സാഗരകന്യകയുടെ സ്തനങ്ങള്‍ വെട്ടിമാറ്റാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് തോട്ടക്കാരന്‍ ശില്പത്തില്‍ മനസ്സില്ലാ മനസ്സോടെ കത്രിക വെച്ചു. വിവാദവുമായി. ത്രേതായുഗത്തില്‍ ശൂര്‍പ്പണഖയുടെ മാറിടങ്ങള്‍ ലക്ഷ്മണന്‍ ഛേദിച്ചുതള്ളിയതിന് ശേഷമുള്ള ഏറ്റവും കിരാതമായ പ്രവൃത്തിയായി ഇതിനെ സാംസ്കാരിക കേരളം വിധിയെഴുതി. പാവം സാഗരകന്യക. അല്ലെങ്കിലും മറ്റു സ്ത്രീകളുടെ സൌന്ദര്യത്തോട് സ്ത്രീകള്‍ക്ക് പണ്ടേ അസൂയയാണ്!
കാര്യങ്ങള്‍ ചുരുക്കി പറയാം. കാനായി കുഞ്ഞിരാമന്‍ എന്ന പേരു കേട്ട ശില്‍പ്പിയാണ് സ്ത്രീകളുടെ നഗ്ന ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നിര്‍മ്മിച്ച് നാലു ആളു കൂടുന്ന സ്ഥലങ്ങളിലൊക്കെ യക്ഷിയെന്നും കന്യകയെന്നുമൊക്കെ പേരിട്ട് ശില്‍പ്പങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളെ സ്നേഹിച്ച ഒരു തോട്ടക്കാരനാണ് കുസാറ്റില്‍ ഈ സാഗര കന്യകയ്ക്ക് ജന്മം നല്‍കിയത്. തോട്ടക്കാരന്റെ പേര് വര്‍ഗീസ് എന്നായിരുന്നു. എല്ലാം പച്ചപ്പില്‍ തന്നെ നിര്‍മ്മിച്ചു. അതെ, അങ്ങിനെ കൊച്ചിയിലെ കുസാറ്റ് ക്യാമ്പസിലും ഒരു സാഗരകന്യക വന്നു. പിന്നീട് വന്ന തോട്ടക്കാര്‍ ഈ സുന്ദരിയെ അണിയിച്ചൊരുക്കി. വളര്‍ന്നു വരുന്ന മുടി (അല്ല ചില്ലകളും ഇലകളും) മുറിച്ചുക്കൊടുത്തു. അങ്ങനെ നഗ്നത കാണിച്ച് നില്‍ക്കുന്ന സുന്ദരിയെ കാണാതെ ആരും പോകില്ല.
കുസാറ്റിലെ പ്രധാന ഓഫീസിന്റെ മുമ്പില്‍ വര്‍ഷങ്ങളായി ഈ കന്യക നില്‍ക്കുകയാണ്. അന്നൊന്നും ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍, ഇവള്‍ ആരുടെ നോട്ടത്തിലും ഭാവത്തിലും അശ്ലീലം കണ്ടിരുന്നില്ല. ഒരാള്‍ പോലും പരാതിപ്പെട്ടില്ല. സാഗരകന്യക ആരെയും തെറി വിളിച്ചതായോ സന്ദര്‍ശകര്‍ അവളെ ആക്രമിച്ചതായോ റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായതുമില്ല. ഒരു ശില്‍പ്പത്തിന്റെ സൌന്ദര്യം എല്ലാവരും ആസ്വദിച്ചു. എന്നാല്‍, ആഴ്ചകള്‍ക്ക് മുമ്പാണ് എല്ലാം വിവാദമായത്. ഒരു സുപ്രഭാതത്തില്‍ ക്യാമ്പസില്‍ വന്നവര്‍ എല്ലാം ഞെട്ടിപ്പോയി. ആരോ സാഗരകന്യകയുടെ മുല അരിഞ്ഞിരിക്കുന്നു!
സംഗതി പ്രശ്നമായി, ചാനലുകള്‍ പാഞ്ഞെത്തി റിപ്പോര്‍ട്ട് ചെയ്തു. അതെ, മേല്‍പ്പറഞ്ഞ സാഗരകന്യകയുടെ മാറിടം ഛേദിക്കാന്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ തന്നെ ഉത്തരവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പാവം തോട്ടക്കാരന്‍ ഉത്തരവ് നടപ്പിലാക്കി എന്നുമാത്രം. ഏറെ ദുഃഖത്തോടെ, ഇതുവരെ പരിചരിച്ചുവന്ന സാഗരകന്യകയുടെ മാറിടം തോട്ടക്കാരന്‍ അരിഞ്ഞെടുത്തു. സ്ത്രീകള്‍ പരാതിപ്പെട്ടത് കൊണ്ടാണത്രെ മുലയരിഞ്ഞത്. ക്യാമ്പസില്‍ വരുന്ന സ്ത്രീകള്‍ക്ക് പണ്ടെ അവളോട് അല്‍പ്പം അസൂയയും കൂടെ ദേഷ്യവും ഉണ്ടായിരുന്നു. സാഗകന്യകയ്ക്ക് കുറച്ചു മിഴിവ് കൂടുതലാണെന്ന് സ്ത്രീകളും പറയും.
ഇതെല്ലാം കണക്കിലെടുത്ത്, സര്‍വകലാശാലയിലെ ഒരു വനിതാ ക്ഷേമ സംഘടന രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അശ്ലീല ചിത്രങ്ങളും ശില്പങ്ങളും ഒന്നും പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ സര്‍വകലാശാല കോളജുകള്‍ക്ക് നല്‍കിയ പഴയ ഒരു ഉത്തരവിന്റെ പകര്‍പ്പും അവര്‍ സമര്‍പ്പിച്ചു. എല്ലാം സാഗര കന്യകയ്ക്ക് എതിരായി.
വിവാദ നായികയുടെ മുലയരിയാതിരിക്കാനായി ക്യാമ്പസില്‍ ഒപ്പു ശേഖരണം വരെ നടത്തി. എന്നാല്‍ സംസാരിക്കാന്‍ കഴിയാത്ത, ഓടി പോകാന്‍ കഴിയാത്ത ശില്‍പ്പം ആക്രമണത്തെ സ്വീകരിക്കേണ്ടിവന്നു. പൂര്‍ണ്ണമായി കൊന്നില്ല. മുലയരിഞ്ഞു. എന്തോ തെറ്റു ചെയ്തവന്റെ കയ്യും കാലും തല്ലിയൊടിക്കുന്നത് പോലെ മുലയരിഞ്ഞു. അതേ, ശരിക്കും താലിബാനിസം വിധി തന്നെ. പതിനെട്ടു വര്‍ഷമായി കുസാറ്റ് ക്യാമ്പസിലുള്ള സാഗരകന്യകയെ ഇല്ലാതാക്കാന്‍ സര്‍വകലാശാലയുടെ അധികൃതര്‍ക്ക് ഇത്രയും കാലം വേണോ എന്നതാണ് ഇപ്പോഴത്തെ സംശയം. ഇതൊരു അശ്ലീലം ആണെന്ന് തോന്നിയെങ്കില്‍ അന്നു തന്നെ വെട്ടിമാറ്റിക്കൂടായിരുന്നോ?