പുറത്തായി, പിന്നെ പുറത്താക്കി!

ദുര്‍ബല്‍‌കുമാര്‍

WEBDUNIA|
PRO
ചില കാര്യങ്ങള്‍ ഇങ്ങനെയാണ്. അടികൊണ്ടാലും തൊഴി കൊണ്ടാലും പല്ലു പോയാല്‍ മതി എന്ന ചൊല്ലുപോലെ. പി ജെ ജോസഫ് എന്തായാലും മന്ത്രിസഭയ്ക്ക് പുറത്തായി. സ്വയം പുറത്തായതാണോ അതോ പുറത്താക്കിയതാണോ എന്ന കാര്യത്തിലാണ് ഇപ്പോല്‍ തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. തര്‍ക്കത്തിന് എന്തെങ്കിലും ഒരു വിഷയം കേരളീയര്‍ക്ക് എന്നും വേണമല്ലോ. ഇന്ന് ഇതിരിക്കട്ടെ.

താന്‍ രാജിക്കത്ത് നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് ദൂതന്‍ മുഖേന എത്തിച്ചിരുന്നെന്നും അത് മുഖ്യമന്ത്രിക്ക് ലഭിച്ചതായി ഉറപ്പുവരുത്തിയിട്ടുണ്ടെന്നുമാണ് ജോസഫും ജോസഫിന്‍റെ ശിങ്കിടികളും ആണയിടുന്നത്. “ഏതു കത്ത്, ആരയച്ചു?” എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിശ്വാസവഞ്ചന കാട്ടിയ ജോസഫ് സാറിനെ പുറത്താക്കുകയാനെന്നും വി എസ് പ്രഖ്യാപിച്ചു.

ജോസഫിന് കാര്യമൊന്നും മനസിലായിട്ടില്ല. രാജിവച്ചവനെ പിന്നീട് എന്തിന് പുറത്താക്കണം? ഇതാണ് ജോസഫിന്‍റെ ചോദ്യം. ജോസഫിന് മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ ആര്‍ക്കും തന്നെ ഇക്കാര്യം പിടികിട്ടിയിട്ടില്ല. പിടികിട്ടുകയുമില്ല. കാരണം ഇത് സി പി എമ്മിന്‍റെ തീരുമാനമാണ്. പിണറായിയുടെയും വി എസിന്‍റെയും തീരുമാനമാണ്.

സ്വയം പാര്‍ട്ടി വിടുന്നവരെ പിന്നീട് ചവിട്ടിപ്പുറത്താക്കുന്നതാണല്ലോ സി പി എമ്മിന്‍റെ രീതി. അബ്ദുള്ളക്കുട്ടി പുറത്തു പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ത്തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആരെയും അങ്ങനെ സ്വയം ഞെളിയാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയെക്കുറിച്ച് ജോസഫേ, നിങ്ങള്‍ക്കൊന്നും അറിയില്ല. കാരണം ഇതൊരു പ്രത്യേക പാര്‍ട്ടിയാണ്.

രാജിവയ്ക്കുന്നവരെ പടിയടച്ച് പിണ്ഡം വച്ച് അതിന്‍റെ സദ്യ ഏവര്‍ക്കും വിളമ്പുന്ന പാര്‍ട്ടിയും അത് നേതൃത്വം നല്‍കുന്ന മുന്നണിയും. ആ സദ്യയാണ് ഇപ്പോള്‍ പി സി തോമസിനും കൂട്ടര്‍ക്കും നല്‍കിയിരിക്കുന്നത്. ഇനി ആര്‍ക്കെങ്കിലും രാജിവയ്ക്കണോ? ആര്‍ എസ് പിയുടെ മന്ത്രിക്കോ മറ്റോ രാജിവയ്ക്കാന്‍ തോന്നുന്നുണ്ടോ?(കൊന്നാലും അങ്ങനെ ഒരു തീരുമാനം ആ പാവത്തുങ്ങളില്‍ നിന്ന് ഉണ്ടാകില്ല, എന്നാലും). അങ്ങനെയെങ്കില്‍ പറഞ്ഞോളൂ. പുറത്താക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സഖാക്കന്‍‌മാര്‍. ജോസഫ് വിഭാഗത്തിന് മനസിലാകാത്ത ‘പുറത്തായവനെ പുറത്താക്കല്‍’ ക്രിയ ആര്‍ എസ് പിക്കു മനസിലാകും. കാരണം അവരും പേരിലെങ്കിലും ഒരു വിപ്ലവപ്പാര്‍ട്ടിയാണല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :