"ഭാരത റയില്‍വെയുടെ തലപ്പത്തിരുന്ന് നിയന്ത്രിച്ച മാജിക്കുകാരന്‍ മന്ത്രിയാര്?" എന്ന് പത്ത് രൂപയ്ക്ക് പി എസ് സി പരീക്ഷയ്ക്ക് വേണ്ട വിജ്ഞാനം ഒതുക്കിക്കൂട്ടിയ കുട്ടിപ്പുസ്തകം വില്‍ക്കുന്നയാളുകള്‍ പത്താള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം ഉറക്കെ ചോദിക്കാന്‍ വേദിയൊരുങ്ങിയേക്കാം എന്ന് കരുതിയതാണ്. അപ്പോഴേക്കും വന്നില്ലേ തെരഞ്ഞെടുപ്പ്? അത് ദുര്‍ബലന്റെ എല്ലാ പ്രതീക്ഷയും തകര്‍ത്തു കളഞ്ഞു.
മാജിക്കുകാരന്‍ ലാലു പ്രസാദ് ഇല്ലാതെ എന്തര് റയില്‍വെ മന്ത്രാലയം? ഈ അവസ്ഥ ദുര്‍ബലന് തീരെ സഹിക്കുന്നില്ല. ആ ലാലുദാ ഉണ്ടായിരുന്നപ്പോള്‍ “ഗോ ശ്രീ” അല്ലായിരുന്നോ റയില്‍വെയ്ക്ക്. എന്തെരെല്ലാം മാജിക്കുകള്‍ ഓരോ ബജറ്റിനും കാണിച്ച വ്യക്തിയാണ് ഇത്തവണ മമതാ ദീദിയുടെ ബജറ്റ് പാരായണം കേട്ട് സാധാരണക്കാരനായി വേദിയില്‍ ഒതുങ്ങിക്കൂടിയത്.
ലാലുവദ്ദേഹത്തിന്റെ മാജിക്ക് പഠിക്കാന്‍ എവിടുന്നെല്ലാം ആളുകള്‍ വന്നിരുന്നു. പണ്ട് യേശു മിശിഹാ വരെ കശ്മീരില്‍ യോഗാഭ്യാസം പഠിക്കാന്‍ വന്നിട്ടുണ്ട് എന്നാ ദുര്‍ബലനെ പലരും പറഞ്ഞ് പറ്റിച്ചിട്ടുള്ളത്. ആ പാരമ്പര്യം കാത്തത് ലാലുജി തെന്നെ! അദ്ദ്യത്തിന്റെ ബജറ്റ് വിദേശികളൊക്കെ പഠിക്കാന്‍ കടമെടുത്തിരുന്നത്രേ, ഇപ്പോള്‍ അതെല്ലാം പഠിച്ചു കഴിഞ്ഞു കാണും.
കാര്യമിതൊക്കെയാണെങ്കിലും പണ്ട് കാലിത്തീറ്റ ചാക്ക് വീണ് രൂപഭേദം സംഭവിച്ച ലാലുവദ്ദ്യത്തിന്റെ ഇമേജിനിട്ട് മമത സ്വന്തം വകയായി ഒരു ചീമുട്ട കൂടി എറിഞ്ഞു എന്നാണ് കണ്ടവരും കേട്ടവരും പറയുന്നത്. ലാലുവദ്ദ്യം കഴിഞ്ഞ മാജിക് പരിപാടി (ബജറ്റ് എന്ന് തിരുത്തേണ്ടവര്‍ക്ക് തിരുത്താം) അവതരിപ്പിച്ചപ്പോള്‍ പാളത്തിലോടുന്ന കോര്‍പ്പറേഷന് 90000 കോടി രൂപ ലാഭം ഉണ്ടെന്ന് പറഞ്ഞിരുന്നു.
ഇപ്പോഴുണ്ട് ആ മമതാ ദീദി പറയുന്നു ലാഭം അത്രയൊന്നുമില്ലായിരുന്നു ഒരു പൂജ്യം കുറവാണ് എന്നൊക്കെ. ഇതെന്തര്, ഒരു മാജിക്കുകാരനെ ചുമ്മാ ജീവിക്കാന്‍ വിടില്ലേ? ഇക്കാര്യത്തില്‍ ദുര്‍ബലന് ഒരു സംശയമുണ്ട്. ബംഗാളില്‍ ആ ടാറ്റ നാനോക്കാരോടും ചുവപ്പന്‍മാരോടും ഗുസ്തി പിടിക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം ദീദി പേപ്പര്‍ വായിച്ചു കാണില്ല!
എല്ലാ പത്രങ്ങളിലും "ലാലു മാജിക്" എന്ന് വെണ്ടയ്ക്ക നിരത്തിയത് പാവം ദീദിമാത്രം അറിഞ്ഞു കാണില്ല. മാജിക് സംഖ്യകള്‍ക്ക് മാജിക് അവതരിപ്പിക്കുമ്പോള്‍ മാത്രമല്ലേ മായിക രൂപമുള്ളൂ, ഇതിപ്പോ ബജറ്റവതരണവും കഴിഞ്ഞ് വര്‍ഷം ഒന്നും കഴിഞ്ഞു. ഇനിയിപ്പം പൂജ്യം കുറവാണെന്ന് പറയുന്നത് ഫൌളാണെന്നേ ദുര്‍ബലന്‍ പറയുകയുള്ളൂ.
എന്തായാലും ബംഗാളിനൊപ്പം കേരളത്തെയും പരിഗണിച്ച് ചുവപ്പന്മാരുടെ 'ശവപ്പെട്ടിക്ക് പോലും വിടവില്ല' എന്നുറപ്പിച്ച് മമതാ ദീദിയും ബജറ്റ് അവതരിപ്പിച്ചില്ലേ. ഇതില്‍ മാജിക്ക് ഒന്നുമില്ല എന്നാണ് മമതാ ദീദി പറയുന്നത്. എല്ലാം സംശയിക്കുന്ന ദുര്‍ബലന്റെ അടുത്ത് വേണോ ഈ പ്രഖ്യാപനം, സംശയിക്കും, തീര്‍ത്തും സംശയിക്കും.
PTI
PTI
നാടുകാണാത്ത ദുര്‍ബലന്‍ മാത്രമല്ല ആഞ്ഞിരുന്ന് സംശയിക്കുന്നത്. പൊട്ടിന്റെ (മുട്ടന്‍ വട്ടപ്പൊട്ടിന്റെ) ബ്രാന്‍ഡ് അംബാസഡറായ സുഷമാ ജിയും ഇക്കാര്യത്തില്‍ അന്നേ സംശയം പറഞ്ഞിരുന്നു. അതാ ഈ ദുര്‍ബലനും കേറിയങ്ങ് കത്തിയത്. ഏതുകാര്യമെന്നല്ലേ? ഡല്‍ഹി വരെ വെടിയുണ്ട പോലെ പായുന്ന ട്രെയിന്‍ ഡ്രൈവര്‍മാരെ മാറ്റാന്‍ വേണ്ടി നിര്‍ത്തുമോ എന്ന ന്യായമായ സംശയമല്ല, തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജിനടിയിലൂടെ മമതാദീദിയുടെ രണ്ടുനില ട്രെയിന്‍ ഓടിക്കാന്‍ പറ്റുമോ എന്ന അന്യായ സംശയം തന്നെ....
WEBDUNIA|
എന്തരണ്ണാ, നിങ്ങള്‍ക്കും ചുമ്മാ കുത്തിയിരുന്ന് സംശയിക്കാന്‍ മേലേ? രണ്ടുനില ട്രെയിന്‍ വണ്ടി ഓടുമോ? അതോ അതും ഒരു പൊടി “മാജിക്” ആണോ?