സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയാണ് മഹാലക്ഷ്മി. ഐശ്വര്യവും സമ്പത്തും ലഭിക്കാനായി ദേവിയെ പ്രാര്‍ത്ഥിക്കുന്നവര്‍ ധാരാളമാണ്. പ്രസിദ്ധമായ ഒരു മഹാലക്ഷ്മീ ക്ഷേത്രത്തെ കുറിച്ചാണ് ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ പറയുന്നത്.
മുംബെയിലെ ബ്രീച്ച് കാന്‍ഡി റോഡിലെ മഹാലക്ഷ്മീ ക്ഷേത്രം പ്രസിദ്ധമാണ്. അറബിക്കടലിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ ക്ഷേത്രത്തില്‍ ലക്ഷക്കണക്കിന് ഭക്തരാണ് അനുഗ്രഹം തേടി എത്തുന്നത്. ക്ഷേത്രത്തിലെ പ്രവേശന കവാടം നയനാനന്ദകരമാണ്. ഇവിടെ, ദേവിക്ക് അര്‍പ്പിക്കുന്നതിനുള്ള പുഷ്പങ്ങളും ഹാരങ്ങളും മറ്റും വില്‍ക്കുന്ന നിരവധി കടകളുണ്ട്.
ക്ഷേത്രത്തില്‍ നിരവധി ദേവതകളുടെ വിഗ്രഹങ്ങളുണ്ട്. മനോഹരമായി അലംകരിച്ചിട്ടുള്ളതാണ് ഈ വിഗ്രഹങ്ങള്‍. ക്ഷേത്രത്തിന്‍റെ ചരിത്രം തന്നെ കൌതുകമുണര്‍ത്തുന്നതാണ്. മഹാലക്‍ഷ്മീ മേഖലയും വര്‍ളിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ബ്രീച്ച് കാന്‍ഡി റോഡ് നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചപ്പോള്‍ ഭീമന്‍ തിരമാലകള്‍ മൂലം പദ്ധതി വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തില്‍ കരാറുകാരനായ രാംജി ശിവജിക്ക് സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ ലക്ഷ്മീ ദേവി കടലിന്‍റെ അടിത്തട്ടില്‍ നിന്ന് മൂന്ന് വിഗ്രഹങ്ങള്‍ എടുത്ത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു.
ഇപ്രകാരം ചെയ്തതിനെ തുടര്‍ന്നാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ മഹാലക്‍ഷ്മി, മഹാകാളി, മഹാസരസ്വതി ദേവിമാരുടെ വിഗ്രഹങ്ങളുണ്ട്. എല്ലാ വിഗ്രഹങ്ങളും മുക്കുത്തികളും സ്വര്‍ണ്ണ വളകളും മുത്തുകളും കൊണ്ടലങ്കരിച്ചിട്ടുണ്ട്. തന്‍റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ദേവി സാധിച്ചു കൊടുക്കുമെന്നാണ് വിശ്വാസം. ദേവിയുടെ ദര്‍ശനം ലഭിക്കുന്നതിനായി ചില നേരങ്ങളില്‍ വന്‍ ക്യു തന്നെ ഉണ്ടാവാറുണ്ട്.
WD
WD
എത്താനുള്ള മാര്‍ഗ്ഗം
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡ്, റെയില്‍, വ്യോമ മാര്‍ഗ്ഗം എത്താനുള്ള സൌകര്യമുണ്ട്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് മുംബെയിലെത്താന്‍ ബസ്, ടാക്സി, ഓട്ടോറിക്ഷാ എന്നിവ ലഭിക്കും.