കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. പാര്‍ത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരില്‍ ഒരാളായ അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം.
യുദ്ധക്കളത്തില്‍ നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പാപഭാരം തീര്‍ക്കാനാണത്രെ അര്‍ജുനന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. മറ്റൊരു ഐതിഹ്യത്തില്‍ പറയുന്നത് ഈ ക്ഷേത്രം ആദ്യം പണിതത് ശമ്പരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചങ്ങാടത്തില്‍ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് ആറന്‍മുള എന്ന പേര് വന്നത്.
എല്ലാ വര്‍ഷവും ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്‍മുള വള്ളം കളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരന്‍മാര്‍ വരച്ച നിരവധി ചുമര്‍ചിത്രങ്ങളും ക്ഷേത്രത്തില്‍ കാണാം.
WD
WD
കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണമാണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാര്‍ത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. ക്ഷേത്രത്തിന്‍റെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ ചിത്രങ്ങളാല്‍ അലങ്കൃതമാണ്. ക്ഷേത്രത്തില്‍ പുറം ചുമരിന്‍റെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കന്‍ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കന്‍ ഗോപുരത്തില്‍ നിന്ന് പമ്പ നദിയിലേക്കിറങ്ങാന്‍ 57 പടികളാണുള്ളത്.