പുരുഷന്മാര്‍ ദശപുഷ്പങ്ങള്‍ ചൂടുന്നത് ദോഷഫലം ചെയ്യുമോ ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

Dasapushpam, Divine power, Divine power of Dasapushpam, ആ‍ത്മീയം, ദശപുഷ്പം, ദശപുഷ്പം എന്ത്, ദശപുഷ്പങ്ങള്‍
സജിത്ത്| Last Modified വെള്ളി, 19 ജനുവരി 2018 (17:01 IST)
ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കുന്നത്. പുഷ്പങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണ് കൂടുതല്‍ പ്രാധാന്യം. കേരളത്തിലെ ഒട്ടുമിക്ക തൊടികളിലും കാണപ്പെടുന്ന ഈ പത്തു‌ ചെടികൾക്കും ആയുർവേദ ചികിത്സയിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമാണുള്ളത്. ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഹൈന്ദവ പൂജയ്ക്കും സ്ത്രീകള്‍ നെടുമംഗല്യത്തിനും പുരുഷന്മാര്‍ ഐശ്വര്യത്തിനും ദശപുഷ്പങ്ങള്‍ ചൂടാറുണ്ട്.

ദശപുഷ്പങ്ങളുടെ മാഹാത്മ്യങ്ങള്‍ നോക്കാം:-

കറുക - ഗണപതിഹോമത്തിനും മറ്റു പലഹോമങ്ങള്‍ക്കുമാണ് കറുക ഉപയോഗിക്കുന്നത്. ആദിത്യനെയാണ് ദേവനായി കണക്കാക്കുന്നത്. വളരെ ആദരവോടു കൂടി കറുക ചൂടുന്നത് ആധികളും വ്യാധികളും ഒഴിയാന്‍ സഹായകമാണെന്നാണ് വിശ്വാസം.

ചെറൂള – വെളുത്തപൂക്കളോടുകൂടിയ ഒരുതരം കുറ്റിച്ചെടിയാണ് ചെറൂള. ബലികര്‍മ്മങ്ങള്‍ക്കാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും വൃക്കരോഗങ്ങള്‍ തടയുന്നതിനും രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഏറെ ഉത്തമമാണിത്. യമദേവനാണു ദേവത. ഇത്
ചൂടുന്നലൂടെ ആയുസ്സ് വര്‍ധിക്കുമെന്നും വിശ്വാസമുണ്ട്.

കൃഷ്ണക്രാന്തി/വിഷ്ണുക്രാന്തി – ഇതിന്റെ പൂചൂടിയാല്‍ വിഷ്ണുപദപ്രാപ്തിയാണു ഫലമെന്നാണ് വിശ്വാസം. ഓര്‍മ്മക്കുറവ്, ബുദ്ധിക്കുറവ് എന്നിവക്ക് വിഷ്ണുക്രാന്തിയുടെ തനിനീര് നെയ്യ് ചേര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്. മഹാവിഷ്ണുവാണു ദേവൻ. ഗര്‍ഭാശയ ദൌര്‍ബല്യം മൂലം ഗര്‍ഭം ധരിക്കാത്ത സ്ത്രീകള്‍ ഇതിന്റെ നീര് പതിവായി സേവിക്കുന്നതുനല്ലതാണെന്നും പറയുന്നു.


പൂവാംകുരുന്നില - ചെറിയ നീലപൂക്കളോടുകൂടിയ ചെടിയാണിത്. ദേവത ഇന്ദിരാദേവിയും ബ്രഹ്മാവ് ദേവനുമാണ്. ദാരിദ്ര്യദുഃഖം തീരാന്‍ പൂവാംകുരുന്നില ചൂടുന്നത് നല്ലതാണെന്നാണ് വിശ്വാസം. വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ജ്വരത്തിനും ഇത് ഏറെ ഉത്തമമാണ്.

തിരുതാളി – ദശപുഷ്പങ്ങളില്‍ ഏറ്റവും വലിപ്പമുള്ള പൂക്കളാണ് തിരുതാളിക്കുള്ളത്. സ്ത്രീകളുടെ വന്ധ്യതമാറ്റാന്‍ കഴിവുള്ള ഔഷധമാണിത്. മഹാലക്ഷ്മിയാണു ദേവത. ഇത് ചൂടുന്നതിലൂടെ ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

കയ്യോന്നി – ബ്രഹ്മഹത്യ, മദ്യപാനം, മോഷണം, ഗുരുപത്നീഗമനം എന്നിങ്ങനെയുള്ള പാപങ്ങള്‍ ചെയ്തവരുമായുള്ള കൂട്ട് ശമിക്കാന്‍ കയ്യോന്നി ചൂടുന്നതിലൂടെ സാധിക്കുമെന്നാണ് പറയുന്നത്. ശിവനാണ് ദേവനെന്നാണ് സങ്കലപ്പം.

മുക്കുറ്റി – മഞ്ഞപൂക്കളോടുകൂടിയ ഒരു ചെടിയാണ് മുക്കൂറ്റി. ഇതിന്റെ ദേവത പാര്‍വ്വതിയാണെന്നും അല്ല ഭദ്രകാളിയാണെന്നും രണ്ടുപക്ഷമുണ്ട്. വിവിധ ഹോമകര്‍മങ്ങള്‍ക്ക് ഉപയോഗിക്കാറുള്ള മുക്കൂറ്റി ചൂടുന്നത് ഭര്‍ത്രുസൌഖ്യം പുത്രലബ്ധി എന്നിവയ്ക്ക് നല്ലതാണെന്നും പറയപ്പെടുന്നു.

നിലപ്പന – ഇതിന്റെ ദേവത ഭൂമീദേവിയാണ്. കാമദേവന്‍ എന്നു മറ്റൊരു പക്ഷം വിശ്വസിക്കുന്നുണ്ട്. ഈ പൂചൂടുന്നതുകൊണ്ട് പാപങ്ങള്‍ നശിക്കുമെന്ന് പറയപ്പ്പെടുന്നു. ആയുര്‍വേദത്തില്‍ ഇത്‌ വാജീകരണത്തിനും
മഞ്ഞപ്പിത്തത്തിനുള്ള മരുന്നായും ഉപയോഗിക്കുന്നുണ്ട്.

ഉഴിഞ്ഞ – ഇന്ദ്രാണിയാണു ദേവത. അതിനാല്‍ ഇത് ഇന്ദ്രവല്ലി എന്നും അറിയപ്പെടുന്നു. പൂക്കള്‍ ചൂടുന്നതുകൊണ്ട് ആഗ്രഹ സഫലീകരണമാണ് ഫലമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഉഴിഞ്ഞ കഷായം വച്ചുകുടിക്കുന്നത് മലബന്ധം, വയറു വേദന എന്നിവ മാറാന്‍ സഹായകമാണ്. അതുപോലെ മുടി കൊഴിച്ചില്, നീര്, വാതം, പനി എന്നിവക്കും ഇത് മൊകച്ചൊരു പ്രതിവിധിയാണ്‌.

മുയല്‍ചെവിയന്‍ - ഉരച്ചുഴിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മുയല്‍ചെവിയന്‍ മംഗല്യസിദ്ധിക്കാണ് ചൂടാറുള്ളത്. മുയല്‍ചെവിയന്‍ അരച്ചുചേര്‍ത്ത പാല്‍ നെറ്റിയിലാകെ പുരട്ടിയാല്‍ കൊടിഞ്ഞിക്കുത്ത് മാറാന്‍ ഉത്തമമാണ്. തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നേത്രകുളിര്‍മയ്ക്കും രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :