ജഗതി തിരിച്ചു വരാനാ‍യി തെയ്യം കെട്ടി കാരമുള്ളിലേക്ക് ചാടി പ്രാര്‍ഥന

കാസര്‍കോട്| WEBDUNIA|
PRO
വാഹനാപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരാനായി കാസര്‍കോട് ഒരു ആരാധകന്‍ തെയ്യം കെട്ടിയാടി കാരമുള്ളിലേക്ക് ചാടി പ്രാര്‍ത്ഥന നടത്തി.

കൊടക്കാട് വലിയപൊയിലില്‍ കരുവാത്തോട് കാരഗുളികന്‍ ദേവസ്ഥാനത്താണ് ജഗതിക്കായി ഈ വ്യത്യസ്തമായ പ്രാര്‍ത്ഥന നടന്നത്.പലചരക്ക് കട നടത്തുന്ന മല്ലക്കര രാമചന്ദ്രന്‍ എന്ന ആരാധകനാണ് ജഗതി തിരിച്ചെത്താനായി കാരഗുളികന് മുന്നില്‍ തെയ്യം കെട്ടിക്കാമെന്ന നേര്‍ച്ച നേര്‍ന്നത്. മലയസമുദായാംഗമായ കൊടക്കാട് ഒലാട്ട് പ്രശാന്ത് പണിക്കരാണ് തെയ്യം കെട്ടിയത്.

തെയ്യവേഷമണിഞ്ഞ് ഉറഞ്ഞ് തുള്ളിയ കാരഗുളികന്‍ ഭക്തജനങ്ങളെ ആശീര്‍വദിച്ചതിന് ശേഷം കൂര്‍ത്ത കാരമുള്ളുകളിലേക്ക് ചാടുകയും ചെയ്തു. കാരഗുളികന്‍റെ അനുഗ്രഹത്താല്‍ ജഗതി അസുഖം മാറി ദേവസന്നിധിയില്‍ എത്തുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ.ഇതിനായാണ് ജഗതിയുടെ തിരിച്ചു വരവിനായി തെയ്യം വഴിപാടായി നടത്താന്‍ തീരുമാനിച്ചതെന്നും ആരാധകന്‍ പറഞ്ഞു.

ജഗതിക്കായി കണ്ണൂരും തൃശൂരും ജഗതി ചികിത്സയില്‍ക്കഴിഞ്ഞ വെല്ലൂരും പ്രാര്‍ഥനകളും ശയനപ്രദക്ഷിണവും മറ്റും നടന്നത് വാര്‍ത്തയായിരുന്നു.തിരുവമ്പാടി തമ്പാന്റെ സെറ്റില്‍ നിന്ന് ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് പോകുകയായിരുന്ന ജഗതി ശ്രീകുമാരറിന് കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് അപകടമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :