രണ്ടാം ഏകദിനം ഇന്ത്യക്ക്

ധാംബുള്ള| WEBDUNIA|
ബൌളര്‍മാര്‍ അരങ്ങ് വാണ ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റിന് ജയം നേടി. വിജയിക്കാന്‍ 143 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യക്ക് 39.4 ഓവറുകളില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമാക്കിയാണ് ലക്‌ഷ്യത്തിലെത്താനായത്.

സ്ഥിരം ഓപ്പണര്‍മാരായ വിരേന്ദ്ര സെവാഗിനും ഗൌതം ഗംഭീറിനും പരുക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ പത്താനും വിരാട് കോഹ്‌ലിയുമാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ഇര്‍ഫാന്‍ പത്താനെ നുവാന്‍ കുലശേഖര പുറത്താക്കി. കുമാര്‍ സംഗകാരയ്ക്ക് ക്യാച്ച് നല്‍കിയാണ് പത്താന്‍ പുറത്തായത്.

പിന്നാലെ എത്തിയ സുരേഷ് റെയ്ന(1)യും വേഗത്തില്‍ മടങ്ങി. റെയ്ന കുലശേഖരയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവരാജ് സിങ്ങും കോഹ്‌ലിയും സ്കോര്‍ ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ സ്കോര്‍ 52 ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന് യുവരാജ് മെന്‍ഡിസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പൊരുതി നിന്ന വിരാട് കോഹ്‌ലി (37) തുഷാരയുടെ പന്തില്‍ കപുഗദുരെ പിടിച്ച് പുറത്തയി.

തുടര്‍ന്നു വന്ന് രോഹിത് ശര്‍മ്മ റണ്ണെടുക്കുന്നതിന് മുന്‍പ് തന്നെ തുഷാരയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ ഒന്നിച്ച ക്യാപറ്റന്‍ ധോനിയും അരങ്ങേറ്റക്കാരന്‍ ബദരീനാഥും ഇന്ത്യയെ വിജയത്തിന് അരികിലെത്തിച്ചെങ്കിലും സ്കോര്‍ 135ല്‍ എത്തിയപ്പോള്‍ ഫെര്‍ണാണ്ടോയുടെ പന്തില്‍ ധോനി ക്ലീന്‍ ബൌള്‍ഡായി. പിന്നാലെ എത്തിയ ഹര്‍ഭജന്‍ ഒരു റണ്‍ മാത്രമെടുത്ത് മെന്‍ഡിസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി.

ഇതിന് ശേഷം ബദരീനാഥും( 26 ) സാഹീര്‍ ഖാനും(2) ചേര്‍ന്ന് ഇന്ത്യയെ ലക്‌ഷ്യത്തിലെത്തിക്കുകയായിരുന്നു. നേരത്തേ 9.5 ഓവറുകളില്‍ 21റണ്‍സ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി ലങ്കന്‍ ബാറ്റിങ്ങിന്‍റെ നടുവൊടിച്ച സാഹീര്‍ ഖാനാണ് കളിയിലെ കേമന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :