ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 388 റണ്‍സ് വിജയ ലക്ഷ്യം. വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്കിയ നേടിയ ഉപനായകന്‍ യുവരാജ് സിങ്ങ് 78 പന്തുകളില്‍ നേടിയ 138 റണ്‍സിന്റെ മികവിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോറിലെത്തിയത്. 16 ബൌണ്ടറികളും ആറ് സിക്സറുകളുമാണ് യുവി അടിച്ചെടുത്തത്.
രാജ്കോട്ടില്‍ ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത് ഇംഗ്ലീഷ് നായകന് കെവിന് പീറ്റേഴ്സന്റെ തന്ത്രങ്ങള്‍ പാളിയപ്പോള്‍ ഇന്ത്യ അമ്പത് ഓവറുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് എടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണിത്
പിച്ചിലെ നനവ് മുതലാക്കമെന്ന് പീറ്റേഴ്സന്റെ വിശ്വാസത്തിന് തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാരായ വിരേന്ദ്ര സെവാഗും ഗൌതം ഗംഭീറും ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു. ഇംഗ്ലണ്ട് ബൌളിങ്ങിനെ തുടക്കത്തില്‍ കടന്നാക്രമിച്ച് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 127 റണ്‍സ് അടിച്ചു കൂട്ടി.
ഒടുവില്‍ സ്പിന്നര്‍ സമിത് പട്ടേല്‍ ബൌളിങ്ങിനെത്തിയതോടെയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് അല്‍പ്പമെങ്കിലും കടിഞ്ഞാണിടാന്‍ ഇംഗ്ലണ്ടിനായത് ആദ്യം ഗംഭീറിനെയു(51) പിന്നീട് സെവാഗിനെയും(85) പട്ടേല്‍ പുറത്താക്കി. ഇതിന് ശേഷം സുരേഷ് റെയ്നയും(43) യുവരാജ് സിങ്ങും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 242 റണ്‍സിലെത്തിച്ചു. ആന്‍ഡ്രൂ ഫ്ലിന്റോഫിന്റെ പന്തില്‍ പോള്‍ കോളിങ്ങ്വുഡിന് ക്യാച്ച് നല്‍കിയാണ് റെയ്ന പുറത്തായത്.
റെയ്നയ്ക്ക് പിന്നാലെ ക്രീസിലെത്തിയ യൂസേഫ് പത്താന് റണ്ണൊന്നും എടുക്കാതെ മടങ്ങിയെങ്കിലും ഇതേ തുടര്‍ന്ന് ക്രീസില്‍ ഒന്നു ചേര്‍ന്ന ധോനിയും യുവരാജും ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിക്കുകയയിരുന്നു. മുപ്പത്തിരണ്ട് പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ധോനി ഹാര്‍മിസന്റെ പന്തില്‍ ബൌള്‍ഡായി. രോഹിത് ശര്‍മ്മ 11 റണ്‍സെടുത്ത് യുവരാജിനൊപ്പം പുറത്താകാതെ നിന്നു