ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന് കെവിന് പീറ്റേഴ്സന് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്ഥിരതയുള്ള ബാറ്റിങ്ങ് കാഴ്ച വെച്ച രവി ബൊപ്പാറയാണ് മാറ്റ് പ്രയറിന് പകരം ഇയാന്‍ ബെല്ലിനൊപ്പം കാണ്‍പൂരില്‍ ഇംഗ്ലണ്ട് ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്തത്.
കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമില്‍ നിന്ന് ഓരോ മാറ്റവുമായാണ് ഇന്ത്യയും ഇംഗ്ലണ്ടും കളത്തിലിറങ്ങിയത്. പരുക്കില്‍ നിന്ന് പൂര്‍ണ്ണ മോചനം നേടി ഫാസ്റ്റ് ബൌളര്‍ ഇഷാന്ത് ശര്‍മ്മ ഇന്ത്യയുടെ ആദ്യ പതിനൊന്നില്‍ ഇടം നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഗ്രയാം സ്വാന് കളിക്കുന്നു. ഇഷാന്ത് ടിമിലെത്തിയപ്പോള് ആര് പി സിങ്ങിനാണ് തന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നത്.
സ്വാനിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടൊപ്പം ഓള് റൌണ്ടര്‍ സമിത് പട്ടേലിനെ ടീമില്‍ നിലനിര്‍ത്തിയ ഇംഗ്ലണ്ട് എന്നാല്‍ ഫാസ്റ്റ് ബൌളര്‍ സ്റ്റീവ് ഹാര്‍മിസണെ ഒഴിവാക്കി. ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 എന്ന നിലയില്‍ മുന്നിട്ട് നില്ക്കുന്ന ഇന്ത്യക്ക് ഈ മത്സരം ജയിച്ചാല്‍ കൂടുതല്‍ മുന്‍തുക്കം ലഭിക്കും. അതേ സമയം ആത്മവിശ്വാസം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യവുമാണ്.
ടീം ഇംഗ്ലണ്ട്: ഇയാന്‍ ബെല്‍, രവി ബൊപ്പാറ, ഒവൈസ് ഷാ, കെവിന് പീറ്റേഴ്സന്(ക്യാപ്റ്റന്‍), മാറ്റ് പ്രയര്‍, ആന്‍ഡ്രൂ ഫ്ലിന്റോഫ്, പോള്‍ കോളിങ്ങ്വുഡ്, സമിത് പട്ടേല്‍, ഗ്രയാം സ്വാന്, സ്റ്റുവേര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്ഡേഴ്സന്
കാണ്‍പൂര്‍|
WEBDUNIA|
ഇന്ത്യ: വിരേന്ദ്ര സെവാഗ്, ഗൌതം ഗംഭീര്‍, സുരേഷ് റെയ്ന, യുവരാജ് സിങ്ങ്, എം എസ് ധോനി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, യൂസഫ് പത്താന്, ഹര്ഭജന് സിങ്ങ്, സഹീര്‍ ഖാന്, ഇഷാന്ത് ശര്‍മ്മ, മുനാഫ് പട്ടേല്‍.