പാറമേക്കാവിന്‍റെ പ്രൌഡി

KBJWD
പൂരത്തില്‍ പങ്കെടുക്കുന്നതില്‍ രണ്ട് വിഭാഗക്കാരാണ് പ്രധാനികള്‍. പാറമേക്കാവും തിരുവമ്പാടി ക്ഷേത്രവും. കണിമംഗലം, കാരമുക്ക്, ചെമ്പ്‌കാവ്, ചൂരക്കോട്ട്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ അമ്പലങ്ങളും പൂരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ ക്ഷേത്രങ്ങളില്‍ കണിമംഗലത്ത് മാത്രമാണ് പുരുഷ ദൈവം.

പാറമേക്കാവ്

പ്രസിദ്ധമായ തൃശൂര്‍പൂരത്തിലെ രണ്ടുപങ്കാളികളിലൊന്നാണ് പാറമേക്കാവ് . പ്രധാന മൂര്‍ത്തി ഭഗവതി. പടിഞ്ഞാട്ടു ദര്‍ശനം. മൂന്നു പൂജ. ദാരുബിംബം. 1997 ജൂണ്‍ 15-ന് പുതിയ ദാരുവിഗ്രഹം പ്രതിഷ്ഠിച്ചു. തന്ത്രം പുലിയന്നൂര്‍. തിരുമാന്ധാംകുന്നില്‍നിന്നും കുറുപ്പാള്‍ വീട്ടിലെ കാരണവരുടെ കുടപ്പുറത്തുവന്നു എന്ന് ഐതിഹ്യം. ദേവീ പുറത്തിറങ്ങിയാല്‍ "കുറുപ്പാളോടത്തെ' കാരണവര്‍ ഒപ്പം വേണമെന്നു ചിട്ട.

ക്ഷേത്രത്തില്‍ മേലേകാവുണ്ട്. ഇവിടെ മേക്കാവ് ഭഗവതി. ഈ ഭഗവതിയുടെ മൂലം കൊടുങ്ങല്ലൂരിലാണെന്ന് ഐതിഹ്യം. മീനത്തിലെ രോഹിണിയാണ് പ്രതിഷ്ഠാദിനം. വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിലായിരുന്നു ഈ ദേവിയെന്നും അവിടെനിന്നും മാറ്റി പ്രതിഷ്ഠിച്ചതാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്. പാറോമരത്തിന്‍റെ ചുവട്ടിലായിരുന്നതിനാല്‍ പാറമേക്കാവ് എന്ന പേരു വന്നു എന്നും പഴമ.

ദേവിയുടെ മൂലസ്ഥാനമെന്നു കരുതുന്ന ഇലഞ്ഞിത്തറയിലാണ് തൃശൂര്‍പൂരത്തിന്‍റെ പ്രസിദ്ധി വിതറുന്ന പാറമേക്കാവ് ഭാഗത്തിന്‍റെ "ഇലഞ്ഞിത്തറമേളം'. ക്ഷേത്രമതില്ക്കകത്ത് സാധാരണ കൊട്ടാത്ത പാണ്ടിമേളമാണ് വടക്കുനാഥക്ഷേത്രവളപ്പില്‍ പാറമേക്കാവ് ഒരുക്കുന്നത്. കൂര്‍ക്കഞ്ചേരി, വെളിയന്നൂര്‍, ചെമ്പൂക്കാവ്, പാറമേക്കാവ്, കിഴക്കുമ്പാട്ടുകര ദേശക്കാരുടെ ക്ഷേത്രമാണ്. സംസ്കൃത പണ്ഡിതന്‍ മഴമംഗലത്ത് നാരായണന്‍ നമ്പൂതിരി ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു .

പാറമേക്കാവിലെ വെളിച്ചപ്പാടിനെയാണ് ശക്തന്‍തമ്പുരാന്‍ വെട്ടിക്കൊന്നത്. ഈ ക്ഷേത്രത്തിന്‍റെ ആറാട്ടുകുളം തമ്പുരാന്‍ രണ്ടാംഭാര്യയായ കരിമ്പറ്റ ചിമ്മുക്കുട്ടിക്ക് നീരാടാനും കൊടുത്തു. ഭഗവതിക്കുളം നേത്യാരമ്മയുടെ നീരാട്ടുകുളമാക്കിയതിനാല്‍ പാറമേക്കാവിന് വേറെ കുളം കുഴിപ്പിക്കുകയായിരുന്നു.

ശക്തന്‍ തൃശൂര്‍കോവിലകത്തു താമസിക്കുമ്പോള്‍ 975 കന്നിമാസത്തില്‍ കൈകൊട്ടിക്കളിക്കു വന്ന കരിമ്പറ്റ ചിമ്മുക്കുട്ടിയെ അപ്പോള്‍തന്നെ പുടവകൊടുത്ത് സ്വീകരിച്ചു എന്നാണ് പുരാവൃത്തം. ചിമ്മുക്കുട്ടിക്ക് 17ഉം ശക്തന് 55മായിരുന്നു പ്രായം. ചിമ്മുക്കുട്ടി പറയുന്നതെന്തും തമ്പുരാന്‍ കേള്‍ക്കുമെന്നായിരുന്നു പ്രസിദ്ധി. അങ്ങനെയാണ് പാറമേക്കാവിലമ്മയുടെ നീരാട്ടുകുളത്തില്‍ ചിമ്മുക്കുട്ടിക്കു നീരാടാന്‍ മോഹമുദിച്ചതും ചിമ്മുക്കുട്ടിയുടെ മുന്നില്‍ അശക്തനായ ശക്തന്‍ അത് ഉടനെ അനുവദിച്ചതും. ഇതുമൂലമാണ് തമ്പുരാന്‍ വൈകാതെ മരിച്ചതെന്നും ഒരു വിശ്വാസമുണ്ട്.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :