ആദിത്യപുരം സൂര്യക്ഷേത്രം

PROPRO
കേരളത്തിലെ ഒരേയൊരു സൂര്യക്ഷേത്രമാണ് ആദിത്യപുരത്തുള്ളത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സൂര്യദേവനാണ്. സൂര്യന്‍ തപസ്സിരിക്കുന്ന രീതിയിലുള്ള ഈ പ്രതിഷ് ഠ അപൂര്‍വ്വമാണ്. മറ്റു പല ക്ഷേത്രങ്ങളിലും സൂര്യനെ ഉപദേവതയായി പ്രതിഷ് ഠിച്ചിട്ടുണ്ട്.

ആദിത്യപുരം ക്ഷേത്രത്തില്‍ സൂര്യന്‍ പടിഞ്ഞാട്ടു ദര്‍ശനമാണ്. ഉപദേവതയായി യക്ഷിയെയും ശാസ്താവിനെയുമാണ് പ്രതിഷ് ഠിച്ചിരിക്കുന്നത്. മരങ്ങാട് മനയിലെ കാരണവര്‍ സൂര്യനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി എന്നാണ് ഐതിഹ്യം. ഈ മനയിലെ ആള്‍ക്കാര്‍ തന്നെ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ ആയിരിക്കണമെന്നാണ് വ്യവസ്ഥ.

രക്തചന്ദനമാണ് ഇവിടത്തെ പ്രസാദം. ഇതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. മേടത്തിലെ അവസാന ഞായറാഴ്ച രക്തചന്ദന കാവടി കൊണ്ടുള്ള അഭിഷേകം ഇവിടത്തെ പ്രധാന ചടങ്ങാണ്. കണ്ണ് രോഗവും ത്വക് രോഗവും മാറാന്‍ വേണ്ടിയുള്ള വഴിപാടുകള്‍ക്കാണ് ഇവിടെ പ്രാധാന്യം.

ആദിത്യ പൂജ- നടത്തി രക്തചന്ദന മുട്ടികള്‍ നടയില്‍ വയ്ക്കുക എന്ന വഴിപാടുമുണ്ട്. കണ്ണിന്‍റെ അസുഖം മാറാന്‍ ക്ഷേത്രത്തിനകത്തെ വിളക്കില്‍ നിന്നും മഷിയും നെയ്യും ചേര്‍ത്ത് പ്രത്യേക കൂട്ടുണ്ടാക്കി കൊടുക്കാറുണ്ട്. പാണ്ടും വെള്ളയും മാറാന്‍ ക്ഷേത്രത്തിലെ രക്തചന്ദനം ശരീരത്തില്‍ പുരട്ടുന്നതും ഇവിടെ പതിവാണ്.

ഋഗ്വേദത്തില്‍ പത്ത് സൂക്തങ്ങള്‍ സൂര്യനെ അഭിസംബോധന ചെയ്യുന്നവയാണ്. ജീവന്‍റെയും പ്രകാശത്തിന്‍റെയും നിര്‍മ്മാതാവാണ് ലോക സ്രഷ്ടാവും രക്ഷിതാവുമായ സൂര്യനെന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. സൂര്യനെ ആരാധിക്കുന്ന പതിവ് ഭാരതത്തില്‍ പണ്ടു തൊട്ടേ നിലവിലുണ്ട്. പൗരാണിക ഭാരതീയരുടെ പ്രാര്‍ത്ഥനയുടെ തുടക്കം തന്നെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ എന്നാണ്.

ഭാരതത്തില്‍ സൂര്യാരാധന ആദ്യം തുടങ്ങിയത് കാശ്മീരിലെന്നാണ് നിഗമനം. ഒറീസ്സയിലെ കൊണാര്‍ക്കിലാണ് ഇന്ത്യയിലെ പ്രധാന സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്‍റെ പണി 16 വര്‍ഷം 1200 ശില്‍പികള്‍ ചെയ്തിട്ടും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സൂര്യോദയ സമയത്ത് സൂര്യരശ്മി പതിഞ്ഞിരുന്ന യഥാര്‍ത്ഥ വിഗ്രഹം പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചുവെന്നാണ് ചരിത്രം.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :