ചട്ടന്പിസ്വാമി ജയന്തി

WEBDUNIA|

ബഹുമുഖ വ്യക്തിത്വമുള്ള സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയഗുരുവുമായിരുന്നു വിദ്യാധിരാജ പരമഭട്ടാരക ചട്ടന്പിസ്വാമികള്‍. സ്വന്തം ജീവിതചര്യകൊണ്ട്, ഭിന്നസമുദായങ്ങള്‍ക്കു തമ്മില്‍ സൗഹാര്‍ദ്ദബന്ധം സ്ഥാപിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ദീര്‍ഘമായ ഗുരുമുഖാഭ്യാസം ലഭിച്ചില്ലെങ്കിലും സര്‍വ്വവിധ അറിവുകളും അദ്ദേഹം നേടിയിരുന്നു.

1853 ആഗസ്റ്റ് 25-ാം തീയതി വാസുദേവ ശര്‍മ്മയുടെയും നങ്ങേമപ്പിള്ളയുടെയും മകനായി ജനിച്ചു. തിരുവനന്തപുരത്ത് കണ്ണമൂലക്കടുത്തുള്ള കൊല്ലൂര്‍ ഗ്രാമത്തിലെ ഉളളൂര്‍ക്കോട് ഭവനമാണ് ജനനസ്ഥലം. അയ്യപ്പന്‍ എന്ന യഥാര്‍ത്ഥ നാമധേയത്തേക്കാള്‍ പ്രസിദ്ധമായത് കുഞ്ഞന്‍ എന്ന ഓമനപ്പേരാണ്.

1924 മേയ് 5-ാം തീയതി തിങ്കളാഴ്ച ചട്ടന്പിസ്വാമികള്‍ പന്മനയില്‍ വെച്ച് സമാധിയടഞ്ഞു. ആ സമാധിസഥലത്താണ് കുന്പളത്ത് ശങ്കുപ്പിള്ള നിര്‍മ്മിച്ച ശ്രീ ബാലഭട്ടാരകക്ഷേത്രവും ആശ്രമവും സ്ഥിതിചെയ്യുന്നത്.

കുടുംബത്തിലെ ദാരിദ്യ്രം മൂലം യഥാവിധി വിദ്യാഭ്യാസം നടത്താന്‍ കുഞ്ഞപ്പന് കഴിഞ്ഞില്ല. എങ്കിലും മലയാള അക്ഷരമാലയും, തമിഴും മലയാളവും കൂട്ടിവായിക്കാനും പഠിച്ചു. പഠിത്തത്തിലുള്ള താല്പര്യം കണ്ട് കൊല്ലൂര്‍മഠത്തിലെ ശാസ്ത്രികള്‍ അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങള്‍ എന്നിവ പഠിപ്പിച്ചു. പിന്നീട് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ നടത്തുന്ന കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്നു.

കൂട്ടത്തില്‍ പ്രായം കൂടിയവനും സമര്‍ത്ഥനുമായ കുഞ്ഞനെ ആശാന്‍ കളരിയിലെ "ചട്ടന്പി' ആയി നിയമിച്ചു. ചട്ടന്പി എന്നാല്‍ മോണിറ്റര്‍ എന്നാണര്‍ത്ഥം. ഈ ചട്ടന്പി സ്ഥാനം അദ്ദേഹം ചട്ടന്പിസ്വാമികള്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെടുവാന്‍ ഇടയാക്കി.

ഒരു സന്യാസിയില്‍ നിന്നും "ബാലസുബ്രഹ്മണ്യമന്ത്രം' ഗ്രഹിച്ച് അക്ഷരലക്ഷം ജപിച്ച് കുഞ്ഞന്‍ സിദ്ധി വരുത്തി. പലതരം ജോലികള്‍ ചെയ്തു നോക്കിയെങ്കിലും ഒന്നിലും ഉറച്ചുനിന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :