മാടായി പള്ളി : മാലിക് ഇബെന്‍ ദിനാര്‍ എ.ഡി. 1124 - ല്‍ നിര്‍മ്മിച്ച മനോഹരമായ മുസ്ളീം പള്ളീ. പ്രവാചകനായ മുഹമ്മദ് നബിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഉദ്ദേശിച്ച് മാലിക് ഇബെന്‍ ദിനാര്‍ മക്കയില്‍ നിന്നും കൊണ്ടുവന്ന വെള്ള മാര്‍ബിള്‍ ഫലകം പ്രസിദ്ധമാണ്. മൈസൂറിലെ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങളിന്നും ഈ പള്ളിക്കടുത്തായി കാണാം.
പൈതല്‍ മല : കണ്ണൂരില്‍ നിന്നു 65 കിലോമീറ്റര്‍ അകലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയി ലെ പൈതല്‍ മല പര്‍വതാരോഹണം പരിശീലിക്കാന്‍ പറ്റിയതാണ്. സമുദ്രനിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരെയാണീ മല. മലയുടെ മുകളിലുള്ള "വാച്ച് ടവര്‍' സഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്നു.
പറശ്ശിനിക്കടവ് ക്ഷേത്രം: പുണ്യപുരാതനമായ ഈ ക്ഷേത്രം കണ്ണൂരില്‍ നിന്നും 18 കിലോമീറ്റര്‍അകലെയായി വളപട്ടണം പുഴയുടെ തീരത്തായി നയനമനോഹരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ആണ്ടില്‍ മിക്ക ദിവസങ്ങളിലും തെയ്യം കാണാന്‍ സാധിക്കുന്ന അപൂര്‍വ ക്ഷേത്രമാണിത്. വെള്ളാട്ട്, തിരുവപ്പന എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുടിയേറ്റുകളാണ് ഇവിടെ പ്രധാനം. ശൈവ സങ്കല്‍പ്പത്തില്‍ മുത്തപ്പനാണു പ്രതിഷ്ഠ. മദ്യവും മറ്റുമാണു നിവേദ്യം. നായയാണു മുത്തപ്പന്‍റെ വാഹനം. വളപട്ടണം പുഴക്കരയിലെ ഈ ക്ഷേത്രത്തില്‍ എപ്പോഴും സന്ദര്‍ശകര്‍ക്ക് സൗജന്യ ഭക്ഷണമുറപ്പാണ് . കടലിനടുത്തായി തന്നെ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തെ നദിയിലെ ബോട്ടു സവാരി അപൂര്‍വ്വമായ ഒരു അനുഭവമാണ്. പറശ്ശിനിക്കടവിലേയ്ക്ക് പോകുന്നവഴിയിലാണ് പ്രസിദ്ധമായ പാമ്പുവളര്‍ത്തല്‍ . പാമ്പുകളുടെ പ്രദര്‍ശനം സദാസമയവും ഇവിടെ കാണാം.
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: കണ്ണൂരില്‍ നിന്നു കൂത്തുപറമ്പിലേയ്ക്കുള്ള വഴിയില്‍ 15 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ പ്രധാന ആരാധന മൂര്‍ത്തി നാഗരാജാവാണ്. മലബാര്‍ മുഴുവനും പ്രസിദ്ധമാണീ ക്ഷേത്രം.
ശ്രീനാരായണ ഗുരുദേവന്‍ നിര്‍മ്മിച്ച തലശേരി ജഗനാഥക്ഷേത്രം, കണ്ണൂരിലെ സുന്ദരേശ്വര ക്ഷേത്രം, പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച തലശ്ശേരിയിലെ ഓടത്തില്‍ പള്ളി എന്നിവയും സഞ്ചാരികളുടെയും വിശ്വാസികളുടെയും ശ്രദ്ധാകേന്ദ്രങ്ങളാണ്.തലശേരിയില്‍ നിന്നു 65കിലോമീറ്റര്‍ ദൂരെയുള്ള മണത്തന ഗ്രാമത്തിലെ കൊട്ടിയൂര്‍ ക്ഷേത്രം, പയ്യനൂരിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, വളപട്ടണ പുഴയോരത്തുള്ള കളരിവാതുക്കല്‍ ക്ഷേത്രം എന്നിവ സഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്നു. കാനത്തൂര്‍കാവിലെ സത്യസായി കേന്ദ്രം, ആഴീക്കോടിലെ ശാന്തി മഠം, കക്കാടിലെ മാതാ അമൃതാനന്ദമയീ മഠം, ഷിര്‍ദ്ദിസായി മഠം, പ്രജാപിതാ ബ്രഹ്മകുമാരി കേന്ദ്രം, ചിന്മയാമിഷന്‍ കേന്ദ്രം എന്നിവയും പ്രസിദ്ധമായ സ്ഥലങ്ങളാണ്.
തെയ്യാട്ടത്തിന്‍റെ പുണ്യക്ഷേത്രം: കണ്ണൂര്‍ തെയ്യത്തിന്‍റെ നാടാണ്. അനുഷ്ടാനമെന്ന നിലയിലും കല എന്ന നിലയിലും മണ്ണിനോട് അടുത്തു നില്ക്കുന്ന കലയായ തെയ്യത്തിന്‍റെ പുണ്യഭൂമി.നൃത്തം, സംഗീതം എന്നിവയുടെ ഒരു സമന്വയ രൂപമായ തെയ്യം അഥവാ തെയ്യാട്ടം ദൈവത്തിന്‍റെ മറ്റൊരു രൂപമായാണ് കാണപ്പെടുന്നത്. മലബാറില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ഇപ്പോഴും നിലനിന്നു പോരുന്ന നൃത്ത രൂപമാണിത്. തീയാട്ടം, ദേവിയാട്ടം, കളിയാട്ടം എന്നീ പുരാതന നൃത്ത രൂപങ്ങള്‍ കേരളോല്‍പ്പത്തി, കേരളത്തിന്‍റെ സ്ഥാപകനെന്നറിയപ്പെടുന്ന പരശുരാമന്‍ എന്നിവരുമായി ബന്ധപ്പെട്ടതാണ്. ഈ നൃത്തരൂപങ്ങളിലെല്ലാം ദേവതാ പാപം നിര്‍മാര്‍ജ്ജനം ചെയ്യാനായി അവതരിക്കുന്നതായാണ് സങ്കല്‍പ്പം. ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍റെ അരുളപ്പാടുകള്‍ ഈ നൃത്തരൂപങ്ങളില്‍ കൂടി കാണാം.
സര്‍ക്കസ്, ക്രിക്കറ്റ്, കേക്ക് : കണ്ണൂരില്‍ നിന്നു 21 കിലോമീറ്റര്‍ അകലെയുള്ള തലശേരി മൂന്ന് "സി'കള്‍ക്കു പ്രസിദ്ധമാണ്. സര്‍ക്കസ്, ക്രിക്കറ്റ്, കേക്ക് എന്നിവയ്ക്ക് ജര്‍മ്മനിയിലെ ചാന്‍സലറായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ പോലും പ്രശംസയ്ക്കു പാത്രമായിട്ടുള്ള സര്‍ക്കസിലെ കേമനായ കീലേരി കുഞ്ഞിരാമന്‍റെ ജനനം തലശേരിയിലാണ്. ജമ്പോ സര്‍ക്കസ്, ഗ്രേറ്റ് ബോബെ സര്‍ക്കസ്, രാജ്കമല്‍ സര്‍ക്കസ് എന്നീ പ്രശസ്ത സര്‍ക്കസ് ടീമുകളുടെ നാടും തലശേരി തന്നെയാണ്.
കേക്കു നിര്‍മ്മാണത്തിനു പ്രസിദ്ധിയാര്‍ജ്ജിച്ച മാമ്പള്ളി തറവാട് തലശ്ശേരിയിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ വെല്ലസ്ളി പ്രഭുവാണ് തലശ്ശേരിയില്‍ ക്രിക്കറ്റ് ആദ്യമായി കൊണ്ടുവന്നത്. അന്ന് അവര്‍ കളിച്ച സ്ഥലം ഇന്നൊരു സ്റ്റേഡിയമായി രൂപം കൊണ്ടിട്ടുണ്ട്.പഴയ കാലത്തെ ബ്രിട്ടീഷ് ഭരണകാലത്ത ഉപേയോഗത്തിലിരുന്ന അപൂര്‍വ്വങ്ങളായ ഏകദേശം 3500 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന റവന്യൂ റഫറന്‍സ് ലൈബ്രറി വളരെ പ്രസിദ്ധമാണ്.
ലോകത്തെ ആദ്യത്തെ ഇംഗ്ളീഷ് -മലയാളം നിഘണ്ടുവിന്‍റെ രചയിതാവായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ ഭവനം ഇല്ലിക്കുന്ന് എന്ന സ്ഥലത്താണ്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് 18 മലയാളം പുസ്തകങ്ങളുടെ രചയിതാവാണ്.കരാട്ടെ, കുങ്ഫു, എന്നിവയുടെ മൂലാധാരമായ കളരിപ്പയറ്റ് ഒരു പ്രധാന ആയോധനകലയാണിന്നും.