സജിത്ത്|
Last Modified തിങ്കള്‍, 8 ജനുവരി 2018 (15:21 IST)
നമ്മുടെ ജീവിതത്തിന്റെ നിഗൂഡമായ “വിധി”യെ സംഖ്യകൾ അത്ഭുതകരമായി സ്വാധീനിക്കുന്നുവെന്ന് ഇന്ന് പരക്കെ പടരുന്ന ഒരു കാര്യമാണ്. അനുഭവമുള്ളവർ വിശ്വസിക്കും ഇല്ലാത്തവർ തള്ളിക്കളയും. എന്നാൽ എന്താണിതിലെ വാസ്തവം. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും അവരുടെ ജീവിത ഫലങ്ങളെ നിയന്ത്രിക്കുന്ന ഒരു നിഗൂഡസംഖ്യയും കൊണ്ടാണ് ജനിക്കുന്നതെന്ന് ഭാരതത്തിലെ വിജ്ഞാനികളായ യോഗീശ്വരന്മാർ മനസ്സിലാക്കിയിരുന്നതെങ്ങനെയാണ്.
ചിലതെല്ലാം ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണ്. കേവലമായ ഒരു പേരിൽ പോലും വമ്പിച്ച രഹസ്യങ്ങളുണ്ടെന്നും ഇവർ പറയുമ്പോൾ വിശ്വാസികൾക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല. നമ്മുടെ ജീവിതത്തിൽ നിഗൂഡമായ പലതും ഒളിഞ്ഞിരുപ്പുണ്ട്. നമ്മുടെ വിധിയെ അത്ഭുതകരമായ രീതിയിൽ സ്വാധീനിക്കാൻ സംഖ്യാശാസ്ത്രത്തിന് കഴിയും. ജ്യോതിഷത്തിലും ന്യൂമറോളജിയിലും വിശ്വസിക്കുന്നവർക്ക് മാത്രമേ ഇതെല്ലാം അംഗീകരീക്കാൻ കഴിയുകയുള്ളു. വിശ്വസിക്കാൻ കഴിയാത്തവർ ഇത് അന്ധവിശ്വാസമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയേ ചെയ്യുകയുള്ളു.
എന്താണ് സംഖ്യാശാസ്ത്രം?
സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ അധികാരം നൽകിയിരിക്കുന്നു. യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾക്ക് സ്വയമേ ശക്തിയില്ലാത്തതിനാൽ അവ യഥാക്രമം സൂര്യനും ചന്ദ്രനും ഭാഗിച്ചു നൽകിയിരിക്കുന്നു. ഒരു ആത്മീയ ശാസ്ത്രമാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരു മനുഷ്യന്റെ ജന്മവും പുനർജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കർമ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു.
പുരാതനകാലം മുതൽക്കേ സംഖ്യാശാസ്ത്രത്തിന്റെ സാധ്യതകൾ പണ്ഡിതൻമാർ ഉപയോഗിച്ച് തുടങ്ങിയിരുന്നു. നമ്മളെ കൂടുതലറിയാനും നമ്മളിലെ കഴിവുകളെയും പ്രതിഭയെയും തിരിച്ചറിയാനും സംഖ്യാശാസ്ത്രം നമ്മെ സഹായിക്കുന്നു. അതോടൊപ്പം നമ്മുടെ പരിമിതികളെയും പോരായ്മകളെയും വിശദമായി ചൂണ്ടിക്കാണിക്കുകയും ഇത് പരിഹരിക്കാനുള്ള വഴികളും സംഖ്യാശാസ്ത്രം നിർദേശിക്കും.
നമുക്ക് ഏതാണ് യോജിക്കുക, എന്താണ് നമുക്ക് നല്ലത് എന്ന് നമ്മളേക്കാൾ നന്നായി പ്രവചിക്കാൻ സംഖ്യാശാസ്ത്രത്തിന് സാധിക്കുമത്രെ. നമ്മൾ ആരായിരുന്നാലും എന്തായിരുന്നാലും അതൊന്നും ശാസ്ത്രത്തിന് പ്രശ്നമല്ല. വളരെ വിശാലമായി പഠിക്കാനായിട്ട് ഒന്നും സംഖ്യാശാസ്ത്രത്തിലില്ല. എല്ലാം വളരെ പെട്ടന്ന് പഠിച്ചെടുക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഇതിന്റെ സൗന്ദര്യം.
ഒരു പേരിലായാലും ജനന തീയതിയിലായാലും സംഖ്യകളെ രണ്ടക്കങ്ങളാക്കി ഭാഗിച്ച്, ഈ ഓരോ രണ്ടക്കങ്ങളെയും കൂട്ടി ഏകസ്ഥാന സംഖ്യയാക്കി ഒരു സംയുക്ത സംഖ്യ ലഭിക്കുന്നതോടെ നിർത്തുക. ഇതാണ് ജീവ നിഗൂഡ സംഖ്യ. ഒരുവന്റെ വിധിയെ പ്രവചിക്കുന്നത് ഇതാണ്.
അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും ഓരോ നമ്പറുണ്ട്. 1_ A, J, S 2- B, T 3_ C, L, U 4_ D, M 5_ E, N, W 6_ F, O, X 7_ G, P, Y 8_ H,Q,Z 9_ I, R 11_ K 22_ V. ഓരോ നമ്പറിനും പോസിറ്റീവ് വശങ്ങളും നെഗറ്റീവ് വശങ്ങളും ഉണ്ട്. മാസ്റ്റർ നമ്പറുകളുടെ പോസിറ്റീവ് വശവും നെഗറ്റീവ് വശവും മറ്റുള്ളവയേക്കാൾ ശക്തി ഉള്ളതാണ്. 11,14,16,26 തുടങ്ങിയ ജീവസംഖ്യയാക്കി ചലിക്കപ്പെടുന്നത് അപകടകരമാണ്. ഇത് ഒഴിവാക്കേണ്ടത് ആവശ്യം മാത്രമല്ല അത്യാവശ്യം കൂടിയാണ്. ഇല്ലെങ്കിൽ ജീവിതം ദുരിതപൂർണമാകും.
ജനന മുഹൂർത്ത സംഖ്യകൾ ജീവിത വിധിയുടെ അടിത്തറയെങ്കിൽ, നാമങ്ങൾ ഗുപ്ത വിധിയുടെ മേൽ നാശമായി പതിക്കുന്നു. ജാതക ഫലങ്ങളെയും മറികടക്കും ചിലപ്പോഴൊക്കെ ഇത്.