ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റാകുക മേയ് 17 ന്; വിനാശകാരി, ആറ് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 15 മെയ് 2021 (09:25 IST)

അറബിക്കടലില്‍ രൂപംകൊണ്ട ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് 'ടൗട്ടെ' വരും മണിക്കൂറുകളില്‍ കൂടുതല്‍ തീവ്രത കൈവരിക്കും. മേയ് പതിനേഴോടെ ചുഴലിക്കാറ്റ് അതിതീവ്രമാകും. 150 മുതല്‍ 160 വരെ കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കാം. തമിഴ്‌നാട്, കേരളം, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.


ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറില്‍ 07 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് 15 മെയ് 2021 ന് പുലര്‍ച്ചെ 02.30 ന് ലക്ഷദ്വീപിനടുത്ത് 12.2°N അക്ഷാംശത്തിലും 72.6°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്.

അടുത്ത
24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 62 കി.മീ മുതല്‍ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :