സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 15 ജനുവരി 2026 (09:45 IST)
ഹൈദരാബാദ്: തെലങ്കാനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 500 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. വിഷബാധ മൂലമാണ് മരണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനായാണ് കൂട്ടക്കൊല നടത്തിയതെന്ന് ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ഭവാനിപേട്ട്, പല്‍വഞ്ച, ഫരീദ്‌പേട്ട്, വാഡി, ബന്ദരാമേശ്വരപ്പള്ളി എന്നിവിടങ്ങളില്‍ നായ്ക്കളെ വിഷം കുത്തിവച്ച് കൊന്നതായി മൃഗസ്‌നേഹികള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ അദുലാപുരം ഗൗതം പോലീസില്‍ പരാതി നല്‍കി.
നായ്ക്കളെ കൊന്നത് ആസൂത്രിതമായ രീതിയിലാണെന്നും പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നായ കൂട്ടക്കൊല നടത്തിയതെന്നും പരാതിയില്‍ പറയുന്നു. ആറ് പേര്‍ക്കെതിരെ പരാതി നല്‍കുകയും നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 200 നായ്ക്കളെ കൊന്ന കേസില്‍ കാമറെഡ്ഡി എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കുഴിച്ചിട്ട നായ്ക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ടെടുത്തിട്ടുണ്ട്.
അവയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്ന്. ഈ മാസം ആദ്യം 300 ഓളം നായ്ക്കളെ കൊന്നു. വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.