രേണുക വേണു|
Last Modified ബുധന്‍, 31 ജൂലൈ 2024 (12:41 IST)
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയിലേക്ക് രാഹുല്‍ ഗാന്ധി ഉടന്‍ എത്തില്ല. വയനാട് എംപി കൂടിയായ രാഹുലിന്റെ അസാന്നിധ്യം കഴിഞ്ഞ ദിവസം മുതല്‍ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഉടന്‍ എത്തുമെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ രാഹുലിന്റെ വരവ് ഇനിയും വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
തുടര്‍ച്ചയായ മഴയും മോശം കാലാവസ്ഥയും കാരണം വയനാട് എത്താന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നാണ് രാഹുല്‍ കെപിസിസിയെ അറിയിച്ചിരിക്കുന്നത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇരുവരും ജൂലൈ 31 ബുധനാഴ്ച (ഇന്ന്) എത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.
തങ്ങള്‍ക്ക് നേരിട്ട് എത്താന്‍ കഴിയില്ലെങ്കിലും ഹൃദയം കൊണ്ട് ദുരന്ത ബാധിതര്‍ക്കൊപ്പം ആണെന്നും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.