സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (11:36 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 പിറന്നാള്‍. മോദിക്ക് ആശംസകളുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്രമോദിയെ നേരിട്ട് വിളിച്ച് ജന്മദിന ആശംസകള്‍ നേര്‍ന്നു. 1950 സെപ്റ്റംബര്‍ 17നാണ് ഗുജറാത്തിലെ വാടാനഗറില്‍ നരേന്ദ്രമോദി ജനിക്കുന്നത്. പതിനേഴാം വയസ്സില്‍ വീടുവിട്ട് ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.
1987ല്‍ 37ാം വയസ്സില്‍ ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറിയായി. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുകയാണ്. ലോകത്തെ പ്രധാന കരുത്തരായ നേതാക്കളില്‍ ഒരാളായാണ് ഇന്ന് നരേന്ദ്രമോദി അറിയപ്പെടുന്നത്. സംഘപരിവാര്‍ പല ലക്ഷ്യങ്ങളും മോദിയിലൂടെയാണ് പൂര്‍ത്തീകരിച്ചെടുത്തത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതും രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വഖഫ് നിയമ ഭേദഗതിയും ചില സംസ്ഥാനങ്ങളിലെ ഏകസിവില്‍ കോഡ് നടപ്പാക്കിയതും മോദിയുടെ ഭരണത്തിന്‍ കീഴിലാണ് സംഭവിച്ചത്.
ജൂലൈയില്‍ ഇന്ദിരാഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നേട്ടവും മോദിയുടെ പേരിലായി.