സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (10:53 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം. പ്രതിസന്ധി ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കി. ഉപകരണ പ്രതിസന്ധി മൂലം ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി രൂപയുടെ കുടിശിക ഉണ്ടായതിനെ തുടര്‍ന്ന് ഒന്നാം തീയതി മുതല്‍ വിതരണ കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാത്രം 29 കോടി 56 ലക്ഷം രൂപ നല്‍കാനുണ്ട്. നിലവില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിട്ടില്ല. എന്നാല്‍ വിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് കത്തില്‍ പറയുന്നു. അതേസമയം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ആരോഗ്യവകുപ്പ് പദ്ധതിയിടുകയാണ്.
ഡോക്ടര്‍ ഹാരിസ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെയാണ് നീക്കം. രണ്ടുകോടി രൂപ ചെലവില്‍ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.