1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. LPG cylinder price hike india

അടുക്കള ബജറ്റ് താളം തെറ്റും; ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 115 രൂപയുടെ വർദ്ധനവ്

മുംബൈയില്‍ 912.50 രൂപയും ചെന്നൈയില്‍ 928.50 രൂപയുമാണ് പുതിയ നിരക്ക്. കൊല്‍ക്കത്തയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്

lpg cylinder
ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് (14.2 കിലോ) 60 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 115 രൂപയും കൂട്ടി. പുതുക്കിയ നിരക്കുകള്‍ ശനിയാഴ്ച (മാര്‍ച്ച് 7, 2026) മുതല്‍ നിലവില്‍ വന്നു.
 
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഇതിനോടകം ഗാര്‍ഹിക സിലിണ്ടറിന്റെ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 912.50 രൂപയും ചെന്നൈയില്‍ 928.50 രൂപയുമാണ് പുതിയ നിരക്ക്. കൊല്‍ക്കത്തയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്-939 രൂപ.
 
ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 115 രൂപ വര്‍ദ്ധിപ്പിച്ചതോടെ ഡല്‍ഹിയിലെ നിരക്ക് 1883 രൂപയായി. മാസത്തിന്റെ തുടക്കത്തില്‍ തന്നെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 28 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഉണ്ടായ ഈ വലിയ വര്‍ദ്ധനവ് ഹോട്ടല്‍ ഭക്ഷണസാധനങ്ങളുടെ വില കൂടുന്നതിനും വഴിയൊരുക്കിയേക്കാം.
 
അതേസമയം, പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷന്‍ എടുത്ത പത്ത് കോടിയോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് ഈ വിലവര്‍ദ്ധനവ് നേരിട്ട് ബാധിക്കില്ല. അവര്‍ക്ക് സിലിണ്ടര്‍ ഒന്നിന് 300 രൂപ വീതം ലഭിക്കുന്ന സബ്സിഡി നിലവിലുള്ള നിരക്കില്‍ തന്നെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇന്ധന ലഭ്യതയില്‍ നിലവില്‍ കുറവില്ലെന്നും ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം വരും മാസങ്ങളിലും ഇന്ധന വിലയെ ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
അടുത്ത ലേഖനം
ഇറാന്റെ ആക്രമണവും വ്യോമപ്രതിരോധവുമെല്ലാം മെച്ചപ്പെട്ടു, റഷ്യയുടെ പരോക്ഷ പിന്തുണയെന്ന് റിപ്പോര്‍ട്ട്