എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:02 IST)
പട്ന : ബിഹാറിലെ ഔറംഗാബാദിൽ പുൻപുൻ നദിയിൽ തുണിയലക്കാൻ പോയ 4 പെൺകുട്ടികളും രക്ഷിക്കാൻ ഇറങ്ങിയ ആളും നദിയിൽ മുങ്ങിമരിച്ചു. ഔറംഗാബാദിനടുത്ത് ഹമീദ് നഗർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.
പതിമൂന്നിനും പതിനഞ്ചിനും ഇടയിലുള്ള നാല് പെൺകുട്ടികളാണ് തുണിയലക്കാനായി എത്തിയത്.
ഇതിലെ ഒരു കുട്ടി ഒഴുക്കിൽ പെടുകയും മറ്റുള്ളവർ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങുകയും ചെയ്‌തെങ്കിലും അവരും ഒഴുക്കിൽ പെട്ടു. ഇത് കണ്ട സമീപവാസിയായ ഒരു നാല്പതുകാരൻ ഇവരെ രക്ഷിക്കാനായി നദിയിലേക്ക് ചാടി.
എന്നാൽ രക്ഷിക്കാനെത്തിയ ഇയാളെ പെണ്കുട്ടികളെല്ലാവരും ചേർന്ന് മുറുക്കെ പിടിക്കാൻ ശ്രമിച്ചതോടെ എല്ലാവരും മുങ്ങിപ്പോയി. മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപാ വീതം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.