പാട്ടിന്‍റെ ഒറ്റയാള്‍ പട്ടാളം

WEBDUNIA|
പാട്ടിന്‍റെ കാര്യത്തില്‍ ഒറ്റയാള്‍ പട്ടാളമാണ് കലവൂര്‍ ചന്ദ്രബാബു. ഏഴു വര്‍ഷമായി കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ ഇദ്ദേഹം ഒറ്റയ്ക്ക് ഗാനമേള നടത്തുന്നു.

ഇതിനകം രണ്ടായിരത്തിലേറെ അരങ്ങുകളില്‍ പാടിയ ചന്ദ്രബാബുവിന്‍റെ തൊഴിലും ഉപജീവന മാര്‍ഗ്ഗവും പാട്ടാണ്. പക്ഷേ ശാസ്ത്രീയമായി വളരെയൊന്നും അഭ്യസിക്കാന്‍ കഴിഞ്ഞിട്ടില്ല.

കുറച്ചു കൊല്ലം മുമ്പു വരെ ക്യാമ്പസിന്‍റെ പാട്ടുകാരനായിരുന്നു 42 കാരനായ ചന്ദ്രബാബു. കേരളത്തില്‍ ചന്ദ്രബാബു പാടാത്ത കോളജുകള്‍ ഇല്ല. വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ സഹകരണമാണ് തന്നതെന്ന് ഇദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു.

ഇപ്പോള്‍ കരോക്കി ഗാനമേളയാണ് ചന്ദ്രബാബു നടത്തുന്നത്. സിനിമാഗാനങ്ങളുടെ പശ്ഛാത്തല സംഗീതമുള്ള സി.ഡികളും ടേപ്പുകളും കറുത്ത ബാഗിലാക്കി വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞേ മടക്കമുള്ളൂ. പാട്ട് പാടിപ്പാടിയുള്ള നീണ്ട യാത്രയാണ് ചന്ദ്രബാബുവിന്‍റെ ജീവിതം. മകന്‍ സംഗീതും പാട്ടുകാരനാണ്.

ചെറുപ്പത്തില്‍ പാടാന്‍ വാസനയുണ്ടായിരുന്നു. അയല്‍വാസിയായ രാഗിണി ചേച്ചിയാണ് ആദ്യം പ്രോത്സാഹനം നല്‍കിയത്. കലവൂര്‍ മനോഹരന്‍ മാസ്റ്റര്‍, വളവനാട് രമേശന്‍ ഭാഗവതര്‍ എന്നിവരുടെ കീഴില്‍ കുറേശ്ശെ സംഗീതം അഭ്യസിച്ചു. ഇടക്കാലത്ത് യേശുദാസിന്‍റെ തരംഗണിയിലും പഠിച്ചു.

എസ്.എസ്.എല്‍.സി കഴിഞ്ഞപ്പോള്‍ ചന്ദ്രബാബു യുവചേതന എന്നൊരു ഗാനമേള സംഘമുണ്ടാക്കി. 15കൊല്ലം ഈ ട്രൂപ്പ് നടത്തി. പിന്നെ ഇതിലുള്ള കലാകാരന്മാര്‍ പലവഴിക്കു പിരിഞ്ഞു.

ആരും കൂടെയില്ലാതിരുന്നിട്ടും ചന്ദ്രബാബു തളര്‍ന്നില്ല. കരോക്കി സംഗീതം അപ്പോഴാണ് രക്ഷയ്ക്കെത്തിയത്. ഒരാളെക്കൊണ്ട് ഒരു ഗാനമേള...... എത്ര മണിക്കൂര്‍ വേണമെങ്കിലും ചന്ദ്രബാബു പാടും.

തിരുവനന്തപുരത്ത് ഒരിയ്ക്കല്‍ ആറ്റുകാല്‍ പൊങ്കാലയുത്സവത്തിന് പാടിയതോടെ ഭാഗ്യം തെളിഞ്ഞു. ഒട്ടേറെ അവസരങ്ങള്‍ കിട്ടി. ഗള്‍ഫിന്‍ പോകാനും ഭാഗ്യം കൈവന്നു.

പക്ഷെ, ഇത് വളരെ വരുമാനം തരുന്ന തൊഴിലല്ല. ചിലേടത്ത് ഒരു പരിപാടിക്ക് രണ്ടായിരം രൂപ കിട്ടും. ചിലേടത്ത് പാട്ട് സൗജന്യമായിരിക്കും.

എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുകയാണ് കലവൂരിലെ ശേഖരന്‍നായര്‍-കമലമ്മ ദമ്പതികളുടെ മകനായ ചന്ദ്രബാബു ഇപ്പോള്‍ താമസം കരുനാഗപ്പള്ളി മാരാരിത്തോട്ടം കല്ലേലിഭാഗത്താണ്. വീട്ടിനടുത്തുള്ള ശംഭുസാമിക്കാവിലെ അമ്മയാണ് തന്നൈക്കൊണ്ട് പാടിക്കുന്നതെന്ന് ചന്ദ്രബാബു വിശ്വസിക്കുന്നു. മൂകാംബികയുടെ അനുഗ്രഹവുമുണ്ട്.

അനന്തപുരി പുസ്തകോത്സവത്തില്‍ ചന്ദ്രബാബുവിന്‍റെ കരോക്കി ഗാനമേള ആസ്വാദകരെ നന്നെ രസിപ്പിച്ചു. പശ്ഛാത്തല സംഗീതത്തില്‍ വരുന്ന ചില പാളിച്ചകള്‍ പാട്ടിനെ ദോഷമായി ബാധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ഗപുത്രി നവരാത്രി, ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി, പൊന്നരിവാള്‍ അമ്പിളിയില്‍ എന്നിവയാണ് ചന്ദ്രബാബുവിന്‍റെ ഇഷ്ടഗാനങ്ങളില്‍ ചിലത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :