1975ല്‍ ഉദയായുടെ മാനിഷാദ എന്ന ചിത്രത്തില്‍ താമരപ്പൂങ്കാവില്‍ എന്ന യുഗ്മഗാനം പാടി പുരുഷോത്തമന്‍ ചലച്ചിത്ര രംഗത്തെത്തി. പഞ്ചമിചന്ദ്രിക വന്നു നീരാടും ..... (ചെന്നായ് വളര്‍ത്തിയ കുട്ടി), കുളിര് കുളിര് കുളിര് (മല്ലനും മാതേവനും), നാളെ നീയൊരു താരം (വേഴാമ്പല്‍), ഉരുക്കു കോട്ട തകര്‍ന്നിതാ (ഒന്നാം വട്ടം കണ്ടപ്പോള്‍), ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഇംഗ്ളീഷ് മീഡിയത്തിലെ അനുരാഗപ്പുഴവക്കില്‍ തുടങ്ങി മുപ്പതോളം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ചായം എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനം പാടിയത്. മൂവായിരത്തോളം നാടകഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചു. കെ.പി.എ.സിയുടെ ദ്രിവഡവൃത്തം എന്ന നാടകത്തിനു വേണ്ടി പാടിയ മഴ മഴ മഴ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഏറ്റവും ഒടുവിലായി കഴിഞ്ഞ വര്‍ഷം പുരസ്കാരം ലഭിച്ചത്.
തന്‍റെ ശബ്ദസൗകുമാര്യം കൊണ്ട് ജനമനസ്സില്‍ ഇടം നേടിയ പട്ടണക്കാട് അര്‍ഹമായ രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല അവഗണനയുടേയും തിരസ്കാരത്തിന്‍റെയും കയ്പേറിയ അനുഭവങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ ഭാവഗായകനെ സംഗീതലോകം ശ്രദ്ധിക്കാതെ പോയി എന്നു പറയാം.
എം.ജി. രാധാകൃഷ്ണന്‍റെ വാക്കുകള്‍ അതിലുള്ള കുറ്റബോധം വെളിവാക്കുന്നു. സിനിമാപിന്നണി ഗാനരംഗത്ത് വളരെയധികം ശ്രദ്ധിക്കപ്പെടാവുന്ന ഒരു ശബ്ദമായിട്ടും ഞാനുള്‍പ്പടെയുള്ള സംഗീത സംവിധായകര്‍ക്ക് എന്തുകൊണ്ടോ അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
1990 കളിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ആദ്യമായി പട്ടണക്കാടിനെ തേടിയെത്തിയത്. ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച് കുമരകം രാജപ്പന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച കൊല്ലം തൂലികയുടെ ചെമ്മീന്‍ എന്ന നാടകത്തിലെ ഗാനം ആലപിച്ചതിനായിരുന്നു അവാര്‍ഡ്. നീര്‍ക്കുന്നം തിരകള്‍ക്കും നിനക്കും ചിരിക്കുവാന്‍ നേരവും കാലവും വേണ്ട എന്നു തുടങ്ങുന്നു ആ ഗാനം.
എന്നാല്‍ ആ അവാര്‍ഡ് വിതരണം നടന്നില്ലെന്നത് ഏറെ ദുഖകരമായ വസ്തുതയാണ്. ഒരു നാടകസമിതി അവാര്‍ഡ് നിര്‍ണയത്തൈച്ചൊല്ലി തര്‍ക്കം ഉന്നയിച്ചതായിരുന്നു കാരണം. അദ്ദേഹത്തിന്‍റെ ഗാനങ്ങളുടെ ആസ്വാദകര്‍ പോലും ഈ വസ്തുത അറിഞ്ഞിട്ടുണ്ടാവില്ല.
സംഗീത ലോകത്ത് നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ ഈ ഗായകന്‍ സംഗീതാസ്വാദകരില്‍ ചിലര്‍ക്കെങ്കിലും ഒരു വേദനയായി അവശേഷിക്കുന്നു.
ഗാനമേളയ്ക്ക് ഒപ്പം പാടിയിരുന്ന രത്നമ്മയെ 1968ല്‍ പുരുഷോത്തമന്‍ ജീവിത സഖിയാക്കി. മക്കളായ ജനീഷ്, ഷീബ, ജയേഷ്, ഷീന എന്നിവരും നന്നായി പാടും. പെണ്‍മക്കള്‍ രണ്ടു പേരും സംഗീത അധ്യാപകരാണ്.