പ്രമുഖ പാശ്ചാത്യ സംഗീതജ്ഞന് കാര്‍ലോ ‘പടാറ്റോ’ വാള്‍ഡസ് (81) അന്തരിച്ചു. ലാറ്റിന്‍ ജാസ് താളവാദ്യ രംഗത്തെ ഇതിഹാസമായാണ് കാര്‍ലോസ് വാള്‍ഡസ് അറിയപ്പെടുന്നത്.
നവംബര്‍ 11 മുതല്‍ അദ്ദേഹം ക്ലീവ്ലാന്റില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ബുക്കിംഗ് എജന്റും പ്രോഗ്രാമിന്റെ ചുമതലയുള്ള ആളുമായ ചാള്‍സ് കാര്ലിനിയാണ് ഈ വിവരം അറിയിച്ചത്.
എക്കാലത്തെയും വലിയ പെര്ക്കഷനിസ്റ്റായിരുന്നു വാള്‍ഡസ്. മറ്റ് താളവാദ്യ വിദഗ്ദ്ധരെല്ലാം അദ്ദേഹത്തിന് ആ നിലയ്ക്കുള്ള ആദരവ് നല്‍കിയിരുന്നെന്ന് കാര്‍ലിനി അനുസ്മരിച്ചു. കോംഗാ കിംഗ്സ് എന്നു പേരുള്ള ന്യൂയോര്‍ക്കിലെ സംഗീത ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ക്യൂബന്‍ സ്വദേശിയായ വാള്‍ഡസ് ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചു പോന്നത്.
നവംബര്‍ 9 ന് സാന്‍ഫ്രാന്‍സിസ്കോയിലെ ജാസ് ഉത്സവത്തിലും അതിനു തൊട്ടുമുമ്പ് കാലിഫോര്‍ണിയയിലും എമ്പത്തൊന്നാം വയസ്സിലും അദ്ദേഹം കച്ചേരികള്‍ നടത്തിയിരുന്നു.
ന്യൂയോര്‍ക്കിലേക്ക് തിരിച്ചുപോകും വഴി വിമാനത്തില്‍ വച്ച് വാള്ഡസിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ക്ലീവ്ലന്റില്‍ ഇറക്കുകയും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയും ആണുണ്ടായത്.
1950 ല്‍ അമേരിക്കയില്‍ എത്തിയ വാള്‍ഡസ് അക്കാലത്തെ പ്രധാനപ്പെട്ട എല്ലാ ലാറ്റിന്‍ ജാസ് സംഗീതജ്ഞരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെന്നി ഡോര്‍ ഹാം, ടിറ്റോ പ്യൂന്റ്റേ, ഹെര്‍ബി മാന്‍, ഡിസി ഗില്ലെസ്പി എന്നിവര്‍ അവരില്‍ പ്രമുഖരാണ്.