സംഗീതത്തിന്റെ അലകളിലൂടെ പ്രകൃതിയെ പോലും വരുതിക്ക് നിര്‍ത്തിയ ടാന്‍സന്‍ എന്ന മഹാ പ്രതിഭയുടെ പിന്‍ഗാമി....’ജീവിക്കുന്ന നിധി’ എന്ന പേരില്‍ അറിയപ്പെട്ട സംഗീത രചയിതാവും സരോദ് വാദ്യകാരനുമായ ഉസ്താദ് ഇനി ഓര്‍മ്മകളുടെ തന്ത്രികളിലെ മര്മ്മരം മാത്രം!
സംഗീതത്തെ ജീവന് നില നിര്‍ത്താനുള്ള ആഹാരത്തിനൊപ്പം കണ്ട ഉസ്താദ് അലി അക്ബര്‍ ഖാന്റെ സരോദും നിശ്ചലമായി....മറഞ്ഞു പോയ മഹാനുഭാവന്മാരുടെ പട്ടികയിലേക്ക് എണ്‍പത്തിയെട്ടാം വയസ്സില്‍ അലി അക്ബര്‍ ഖാന്റെ പേരു കൂടി എഴുതി ചേര്‍ക്കപ്പെടുന്നു. തന്റെ ഉദാത്തമായ സരോദ് വായനയിലൂടെ പാശ്ചാത്യ-പൌരസ്ത്യ സംഗീത കുതുകികളുടെ മനം കവര്‍ന്ന ഉസ്താദ് തന്റെ എണ്‍പത്തിയേഴാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കാലിഫോര്‍ണിയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
പദ്മവിഭൂഷണ് ജേതാവായ ഡോ. അലാവുദ്ദീന്‍ ഖാന് എന്ന സംഗീത സമ്രാട്ടിന്റെ മകനായി 1922 ഏപ്രില്‍ 14ന് കിഴക്കന്‍ ബംഗാളിലെ കോമില്ലയിലാണ്(ഇന്നത്തെ ബംഗ്ലാദേശ്) അലി അക്ബര്‍ ഖാന് ജനിച്ചത്. മൂന്നാം വയസ്സിലാണ് സംഗീത പഠനം ആരംഭിച്ചത്. അച്ഛനില്‍ നിന്ന് വായ്പാട്ടും അമ്മാവന് ഫക്കിര്‍ അഫ്താബുദ്ദീന്റെ ശിക്ഷണത്തില്‍ ഡ്രമ്മും പഠിച്ചു. അച്ഛന് തന്റെ നൂറാം വയസ്സ് വരെ അലി അക്ബറിന് സംഗീത പാഠങ്ങള്‍ പകര്‍ന്നു നല്‍കുമായിരുന്നു.
പതിമൂന്നാം വയസ്സിലാണ് ആദ്യ സംഗീത പരിപാടി അവതരിപ്പിച്ചത്. ഇരുപതിലെത്തിയപ്പോഴേക്കും ജോധ്പൂര്‍ മഹാരാജാവിന്റെ സദസ്സില്‍ അംഗമായി കൊട്ടാരം ഗായകന് എന്ന പദവിയും സ്വന്തമാക്കി. ജോധ്പൂര്‍ തന്നെയാണ് ഉസ്താദ് എന്ന ബഹുമതി അക്ബര്‍ അലിക്ക് ചാര്‍ത്തിക്കൊടുത്തതും.
1955ല്‍ പ്രശസ്ത വയലിനിസ്റ്റ് ആയിരുന്ന യഹൂദി മെനൂഹിന്റെ ക്ഷണം സ്വീകരിച്ചാണ് ആദ്യ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയത്. 1956ല്‍ കൊല്‍ക്കത്തയില്‍ ‘അലി അക്ബര്‍ കോളജ് ഓഫ് മ്യൂസിക്’ സ്ഥാപിച്ചു. മുപ്പത്തിയഞ്ച് വര്‍ഷത്തോളം അധ്യാപനം നടത്തിയ ഉസ്താദ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സംഗീത പാഠം പകര്‍ന്നു നല്കി.
സ്വന്തം പിതാവിന്റെ പക്കല്‍ നിന്ന് ‘സ്വര സമ്രാട്ട്‘ ബഹുമതി സ്വീകരിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി ഉസ്താദ് എന്നും കരുതിയിരുന്നു. 1987ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ് നല്കി ആദരിച്ചു. 1991ല്‍ മക് ആര്‍തര്‍ ഫൌണ്ടേഷന്റെ ജീനിയസ് ഗ്രാന്റിനും, 1997ല്‍ പരമ്പരാഗത കലയ്ക്ക് അമേരിക്ക നല്കുന്ന ഏറ്റവും ഉന്നത ബഹുമതിയായ നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പിനും അര്‍ഹനായി.
WEBDUNIA|
Last Modified വെള്ളി, 19 ജൂണ്‍ 2009 (17:50 IST)
മൂന്ന് തവണ വിവാഹിതനായ ഉസ്താദിന് പതിനൊന്ന് മക്കളുണ്ട്. മകന് ആഷിഷ് ഖാന് വിഖ്യാതനായ സരോദ് വാദകനാണ്.