Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (16:06 IST)
ഓണത്തിന് ശേഷമുള്ള മലയാള സിനിമാ ബോക്സോഫീസില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് മമ്മൂട്ടിയും പൃഥ്വിരാജുമാണ്. മമ്മൂട്ടിയുടെ രാജാധിരാജയാണ് ഓണക്കാലത്തെ ക്ലിയര്‍ വിന്നര്‍. പൃഥ്വിയുടെ 'സപ്തമ ശ്രീ തസ്കരാഃ' ഗംഭീര വിജയമാണ് നേടിയത്.
മൂന്നാഴ്ച കൊണ്ട്
രാജാധിരാജ നേടിയത് എട്ടുകോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി തന്‍റെ സര്‍വപ്രതാപത്തോടെയും ബോക്സോഫീസ് വാഴുന്ന കാഴ്ചയ്ക്കാണ് കേരളം സാക്‍ഷ്യം വഹിച്ചത്.
കളക്ഷന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സപ്തമ ശ്രീ തസ്കരാഃ മികച്ച നിരൂപണ പ്രശംസ നേടുകയും ഒന്നാന്തരം മൌത്ത് പബ്ലിസിറ്റി ലഭിക്കുകയും ചെയ്തതോടെയാണ് മുന്നേറിയത്. എല്ലാ കേന്ദ്രങ്ങളിലും ഇപ്പോഴും ഹൌസ്ഫുള്ളാണ് തസ്കരന്‍മാര്‍. തിരുവനന്തപുരത്തും എറണാകുളത്തും മികച്ച പ്രകടനമാണ് ഈ ചിത്രം നടത്തുന്നത്.
ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങയാണ് സര്‍പ്രൈസ് ഹിറ്റ്. ഈ പൊളിറ്റിക്കല്‍ റൊമാന്‍റിക് കോമഡിച്ചിത്രം ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വന്‍ വിജയം നേടുകയാണ്.
അതേസമയം, മോഹന്‍ലാലിന്‍റെ പെരുച്ചാഴി മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ശേഷം വന്‍ പരാജയത്തിലേക്ക് പതിച്ചു. കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ ടീമിന്‍റെ 'ഭയ്യാ ഭയ്യാ' തകര്‍ന്നടിഞ്ഞു. ദിലീപിന്‍റെ വില്ലാളിവീരനാകട്ടെ ഒരു ചലനം പോലും സൃഷ്ടിക്കാനാകാതെ ഒലിച്ചുപോകുകയും ചെയ്തു.
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ 'ഞാന്‍' എന്ന രഞ്ജിത് ചിത്രവും വന്‍ പരാജയമായി. പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ടമാര്‍ പഠാര്‍' സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങുകയും ചെയ്യുന്നു.