Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (15:44 IST)
ദിനംപ്രതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് മോഹന്‍ലാല്‍ - വൈശാഖ് ടീമിന്‍റെ പുലിമുരുകന്‍. ഈ തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍ 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അഞ്ചുദിവസം കൊണ്ട് 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമ ഇതിനകം തന്നെ മുടക്കുമുതലും തിരിച്ചുപിടിച്ചുകഴിഞ്ഞു.
തിരുവനന്തപുരത്തെ ഏരീസ്പ്ലസ് തിയേറ്ററില്‍ ബാഹുബലിയുടെ ഓപ്പണിംഗ് റെക്കോര്‍ഡ് പുലിമുരുകന്‍ തകര്‍ത്തു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നാലുദിവസം കൊണ്ട് ഇവിടെനിന്ന് 31 ലക്ഷം രൂപ കളക്ഷന്‍ നേടിയ പുലിമുരുകന്‍ ഇവിടെ ഏറ്റവും വേഗത്തില്‍ 50 ലക്ഷം രൂപ കളക്ഷന്‍ നേടുന്ന സിനിമയെന്ന റെക്കോര്‍ഡിട്ടു. ബാഹുബലിയുടെയും ഒപ്പത്തിന്‍റെയും റെക്കോര്‍ഡാണ് ഇവിടെ തകര്‍ന്നുവീണത്.
വലിയ ഹൈപ്പോടുകൂടി വരുന്ന സിനിമകള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാക്കാതെ തകരുന്നതാണ് ഇവിടെ സാധാരണയായി കണ്ടുവരുന്നതെങ്കില്‍ പുലിമുരുകന്‍റെ കാര്യത്തില്‍ അത് തെറ്റിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറം നില്‍ക്കുന്ന സിനിമയാണ് പുലിമുരുകനിലൂടെ വൈശാഖും ഉദയ്കൃഷ്ണയും പീറ്റര്‍ ഹെയ്നും മോഹന്‍ലാലും ഷാജിയും ടോമിച്ചന്‍ മുളകുപ്പാടവും ചേര്‍ന്ന് സമ്മാനിച്ചിരിക്കുന്നത്.
പുലിയെ വേട്ടയാടുന്നതുപോലെ പുലിമുരുകന്‍ മലയാള സിനിമയുടെ ബോക്സോഫീസും വേട്ടയാടി കീഴടക്കിയിരിക്കുന്നു. വെറും അഞ്ചുദിവസം കൊണ്ട് കളക്ഷന്‍ 20 കോടി. മോഹന്‍ലാലും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ച ഈ ബ്രഹ്മാണ്ഡസിനിമ മലയാളത്തിലെ സര്‍വ്വകാല വിജയമായി മാറിയിരിക്കുകയാണ്.
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 20 കോടി തികച്ച സിനിമയായി പുലിമുരുകന്‍ മാറിയിരിക്കുന്നു. ആദ്യ മൂന്നുദിവസം കൊണ്ട് 13 കോടി സ്വന്തമാക്കിയ ഈ ചിത്രം അടുത്ത രണ്ടുദിനം കൊണ്ട് വാരിക്കൂട്ടിയത് ഏഴുകോടിയിലധികമാണ്.
11 ദിവസം കൊണ്ടാണ് മോഹന്‍ലാലിന്‍റെ ‘ഒപ്പം’ 20 കോടി കടന്നത് എന്നോര്‍ക്കണം. അതുകൊണ്ടുതന്നെ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി പുലിമുരുകന്‍ മാറും എന്നുറപ്പായി.
21 കോടി രൂപയാണ് പുലിമുരുകന്‍റെ ബജറ്റെന്നാണ് വിവരം. അതനുസരിച്ചാണെങ്കില്‍ ഇതിനകം തന്നെ ചിത്രം മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. പുലിമുരുകന്‍ കളിക്കുന്ന എല്ലാ തിയേറ്ററുകളിലും അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്നുണ്ട്. കേരളത്തില്‍ 160 തിയേറ്ററുകളില്‍ നിന്ന് 200 തിയേറ്ററുകളിലേക്ക്ക് പുലിമുരുകന്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.