Last Updated:
ശനി, 15 ഒക്‌ടോബര്‍ 2016 (17:19 IST)
മലയാളത്തിലെ സര്‍വകാല ഹിറ്റായ പുലിമുരുകന്‍ ആദ്യ 25 ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആദ്യ ഏഴുനാള്‍ കൊണ്ട് ചിത്രം 30 കോടിക്ക് മേല്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇന്ന് പുലിമുരുകന്‍ റിലീസായിട്ട് ഒമ്പതാം ദിനമാണ്. ഇനി വെറും 16 നാളുകള്‍ കൊണ്ട് ചിത്രം 100 കോടി തികയ്ക്കുമെന്നാണ് വിലയിരുത്തല്‍. മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കും പുലിമുരുകന്‍. കൂടുതല്‍ തിയേറ്ററുകളിലേക്ക് പുലിമുരുകന്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പുലിമുരുകന്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. തമിഴ് റീമേക്കിനുള്ള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. തമിഴകത്ത് പല സൂപ്പര്‍താരങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. വിജയ്, സൂര്യ തുടങ്ങിയവര്‍ക്ക് ചിത്രം വളരെയേറെ ഇഷ്ടമായതായാണ് അറിയുന്നത്. തമിഴ് റീമേക്കില്‍ ഇവരില്‍ ആരെങ്കിലും നായകനാകുമെന്നാണ് ആദ്യസൂചന. സൂര്യയ്ക്കാണ് സാധ്യത കൂടുതലെന്നാണ് വിവരം. ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലും പുലിമുരുകന്‍ റിലീസ് ചെയ്യും. ഈ മാസം 21ന് പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നുണ്ട്.
മലയാള സിനിമാലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന വിജയമാണ് പുലിമുരുകന്‍ നേടുന്നത്. ഇതുപോലെ ഒരു വിജയം സ്വപ്നങ്ങളില്‍ മാത്രം എന്നാണ് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നത്.
മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും കടുവയുടെ സാന്നിധ്യവും വൈശാഖിന്‍റെ മാസ് ഡയറക്ഷനും ഉദയ്കൃഷ്ണയുടെ കിടിലന്‍ തിരക്കഥയും ഷാജിയുടെ ഉജ്ജ്വലമായ ഛായാഗ്രഹണവും പീറ്റര്‍ ഹെയ്നിന്‍റെ അനുപമമായ ആക്ഷന്‍ സീക്വന്‍സുകളുമാണ് പുലിമുരുകന് മഹത്തായ വിജയം നേടിക്കൊടുക്കുന്നത്.